ആലപ്പുഴ: കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ ബസ് ലോറിയുടെ പിന്നിലിടിച്ച് യാത്രക്കാര്‍ ഉള്ളില്‍ക്കുടുങ്ങി. ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. തിരുവന്തപുരത്തുനിന്നു കാസര്‍ഗോഡേക്ക് പോകുകയായിരുന്ന മിന്നല്‍ബസ് മുന്നില്‍ ഒരേദിശയില്‍ പോകുകയായിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
അപകടമുണ്ടായശേഷം ആളുകളെ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോഴാണ് വാതില്‍ തുറക്കാനാകാതെ കുടുങ്ങിയതായി അറിയുന്നത്. തുടര്‍ന്ന് ആലപ്പുഴയില്‍നിന്നുള്ള അഗ്നിശമനസേന എത്തി ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ച് ഡോര്‍ തുറന്നാണ് പരുക്കേറ്റവരെ ഉള്‍പ്പെടെ പുറത്തിറക്കിയത്. ബസില്‍ ഡ്രൈവറും കണ്ടക്ടറും കൂടാതെ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ചിലര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു. പിന്നീട് അഗ്നിശമനസേന ഇരുവാഹനങ്ങളും റോഡില്‍നിന്നും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ബദറുദ്ദീന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫിസര്‍മാരായ എസ്. സനല്‍കുമാര്‍, കെ.ആര്. അനീഷ്, രതീഷ്.പി, രതീഷ് ആര്, ജോബിന് വര്‍ഗീസ്, കെ.എസ്. ആന്റണി, യേശുദാസ് അഗസ്റ്റിന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.