ചിറ്റൂര്‍: ഒട്ടന്‍ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ചിറ്റൂര്‍ – നെന്മാറ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍. ചിറ്റൂര്‍ മണ്ഡലത്തില്‍ പൂര്‍ണമായും നെന്മാറ മണ്ഡലത്തില്‍ നെല്ലിയാമ്പതി, അയിലൂര്‍, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള ഏഴു പഞ്ചായത്തുകളിലും രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴു വരെയാണ് ഹര്‍ത്താല്‍.
കേരളത്തിനു കൂടി അവകാശപ്പെട്ട വെള്ളമുള്ള ആളിയാര്‍ ഡാമില്‍നിന്നു 120 കിലോമീറ്റര്‍ അകലെയുള്ള ഒട്ടന്‍ ഛത്രത്തിലേക്ക് തമിഴ്‌നാട് വെള്ളം കടത്താന്‍ ശ്രമിക്കുന്നതിനെതിരെയാണ് ഹര്‍ത്താല്‍. വലിയ പൈപ്പുകളിട്ട് തമിഴ്‌നാട്ടിലെ ദിണ്ടിക്കല്‍ – തിരുപ്പൂര്‍ ജില്ലകളിലെ ഒട്ടന്‍ ഛത്രം നഗരസഭ, കീരന്നൂര്‍, നെയ്ക്കാരന്‍പ്പട്ടി ടൗണ്‍ പഞ്ചായത്തുകള്‍ 528 ഗ്രാമങ്ങള്‍ എന്നിവയിലേക്ക് കുടിവെള്ളമെത്തിക്കുന്നതാണ് ഒട്ടന്‍ഛത്രം പദ്ധതി. പദ്ധതി നടപ്പായാല്‍ ചിറ്റൂര്‍ താലൂക്കിലെ മൂലത്തറ, കമ്പാലത്തറ, മീങ്കര , ചുള്ളിയാര്‍ അണകളിലേക്ക് വെള്ളം ലഭിക്കാതെ വരും.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് – ജലജീവന്‍ പദ്ധതികളില്‍ നിന്നും 930 കോടി രൂപ ചെലവഴിക്കാനുള്ള ഭരണാനുമതി മന്ത്രിസഭ നല്‍കുകയും ഇതിനായി ടെന്‍ഡര്‍ നടപടി തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നടപ്പിലായാല്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ഭാരതപ്പുഴയുടെ തീരങ്ങള്‍ മരുഭൂമിയ്ക്ക് സമാനമാകും. ചിറ്റൂര്‍ താലൂക്കിലെ ജനങ്ങള്‍ക്ക് കൃഷി നടത്താനോ കുടിക്കാനോ വെള്ളമില്ലാതെ ബുദ്ധിമുട്ടുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സ്ഥിതി ഇത്രയ്ക്ക് ഗുരുതരമായിട്ടും കേരള സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി കാണുന്നില്ല. അന്തര്‍ സംസ്ഥാന ജല കരാറിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഗുരുതരമായ മൗനം തുടരുകയാണ്.
കാവേരി നദീതട തര്‍ക്ക കേസില്‍ തമിഴ്‌നാടിന് ലഭിക്കുന്ന 404 ടിഎംസി വെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് ഭാരതപ്പുഴയില്‍ നിന്നു കുടിവെള്ളമെന്ന പേരില്‍ നടത്താന്‍ ഒരുങ്ങുന്ന ജലക്കൊള്ള അനുവദിക്കാന്‍ കഴിയില്ലെന്ന് സുമേഷ് അച്യുതന്‍ പറഞ്ഞു.