IndiaNEWS

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. സംസ്ഥാനത്ത് മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപണത്തിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ക്രമക്കേടുകളെന്ന് മനീഷ് സിസോദിയയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി.

സ്വകാര്യ മദ്യവില്‍പ്പന കമ്പനികള്‍ക്ക് ഗുണം ലഭിക്കുന്നതരത്തിലാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നതെന്നും സക്സേന ആരോപിച്ചു. എക്സൈസ് വകുപ്പിന്റെ ചുമതലവഹിക്കുന്ന സിസോദിയയുടെ അറിവോടെയാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള പുതിയ നയമെന്നും സിസോദിയയുടെ നടപടി സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രസ്താവനയില്‍ പറയുന്നു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കത്തെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തി. ശുപാര്‍ശ സ്വാഗതം ചെയ്യുന്നതായും ഇത്തരമൊരു ആവശ്യം തങ്ങളും ഉന്നയിച്ചിരുന്നുവെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.

എന്നാല്‍, ആരോപണങ്ങളെ ആംആദ്മി പാര്‍ട്ടി നിഷേധിച്ചു. പഞ്ചാബിലും ആംആദ്മി വിജയം കണ്ടെത്തിയതോടെ ബിജെപിക്കും മോദിക്കും ശത്രുത കൂടിയിരിക്കുകയാണെന്നും കെജ്രിവാളിനെ തടയാനുള്ള 2016ല്‍ തുടങ്ങിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം നീക്കങ്ങളെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആംആദ്മി പാര്‍ട്ടിയോടും അരവിന്ദ് കെജ്രിവാളിനോടും അസൂയയാണെന്നും പാര്‍ട്ടി വക്താവ് സൗരബ് ഭരത്വാജ് പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ആംആദ്മി പാര്‍ട്ടിയുടെ ജനപ്രീതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ആപ് ആരോപിക്കുന്നു.

Back to top button
error: