CrimeNEWS

സ്കൂളിൽ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘത്തിന്റെ അക്രമത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ ജില്ലയിലെ കണ്ണവം യു.പി.സ്കൂളിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം.

സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു . സ്കൂളിൻ്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് അക്രമികൾ സ്കൂളിനുള്ളിൽ കയറിയത്. മറ്റ് വിദ്യാർഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ വെച്ചാണ് സംഘം വിദ്യാർഥികളെ മർദ്ദിച്ചത്. മർദ്ദനമേറ്റ ഒരു വിദ്യാർഥി അവശനായി തളർന്ന് നിലം പതിക്കുകയും ചെയ്തു.

മർദ്ദനത്തെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കഴുത്തിന് മുകളിൽ തല കാണില്ലന്നും നാലംഗ സംഘം ഭീഷണിപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിളിച്ച് വരുത്തിയതിന് ശേഷമാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. കണ്ണവം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എം. സജിത്തിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: