കോഴിക്കോട്: കോടഞ്ചേരി തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് ഇന്നലെ കാണാതായ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) ആണ് മരിച്ചത്. ചെക്ക് ഡാമിന് 100 മീറ്റര്‍ താഴെ പാറക്കെട്ടിന് ഇടയില്‍ നിന്നാണ് കണ്ടെത്തിയത്.
ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് അമല്‍. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തില്‍പ്പെട്ട അമലും സുഹൃത്ത് സറബ്ജോതി സിങ്ങുമാണ് ഒഴുക്കില്‍പ്പെട്ടത്. സറബ്ജോതി സിങ്ങിനെ അപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടില്‍ യാത്രപോയി തിരിച്ചു കോഴിക്കോട്ടേക്ക് വരുമ്പോള്‍ തുഷാരഗിരിയില്‍ എത്തിയതായിരുന്നു സഹപാഠികളായ അഞ്ചംഗസംഘം. ഇതില്‍ അമലും സറബ്ജോതിയും കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു.
തുഷാരഗിരിയിലേക്കുള്ള പ്രവേശന നിരോധനം മറികടന്നാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയതും അപകടം സംഭവിച്ചതും. കോടഞ്ചേരി പോലീസ്, ഫയര്‍ഫോഴ്സ്, സ്‌കൂബ ടീം, സന്നദ്ധസംഘടനകളുടെ പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ എന്നിവര്‍ നാട്ടുകാരോടൊപ്പം ഞായറാഴ്ച വൈകിയും അമലിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അമലിന് നീന്തല്‍വശമുണ്ടായിരുന്നെന്ന് കൂടെയുള്ളവര്‍ പറഞ്ഞു.
രണ്ടാഴ്ചമുമ്പ് തുഷാരഗിരിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് കാണാതായ യുവാവിനായിയുള്ള തിരച്ചില്‍ ഈ പ്രതികൂലകാലാവസ്ഥയിലും തുടരുമ്പോഴാണ് നാടിനെ നടുക്കി സമാനമായ അപകടം വീണ്ടുമുണ്ടാകുന്നത്.ജലാശയങ്ങളില്‍ ശക്തമായ ഒഴുക്കും വെള്ളവുമാണ് തെരച്ചിലിന് തടസ്സമാകുന്നത്.