NEWS

കര്‍ക്കടകപ്പുലരിയില്‍ രാമായണ പാരായണം നടത്തി വൈദികൻ

‘ശ്രീ രാമ രാമ രാമ, ശ്രീരാമ ചന്ദ്ര ജയ…’ പാറയ്‌ക്കലച്ചൻ ഈണമുള്ള സ്വരത്തിൽ രാമായണ പാരായണം തുടരുകയാണ്.രാമായണത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച അത്യപൂര്‍വ്വം വൈദികരില്‍ ഒരാളാണ് പാറയ്‌ക്കലച്ചന്‍.
പാലാ ഗുഡ്‌ഷെപ്പേര്‍ഡ് സെമിനാരിയിലെ ആത്മീയ ഡയറക്‌ടറായ റവ. ഫാ.തോമസ് പാറയ്‌ക്കല്‍ പാലാ രൂപതയിലെ പ്രമുഖ വൈദികശ്രേഷ്ഠനും പരിശീലകനുമാണ്. കര്‍ക്കടകത്തില്‍ മാത്രമല്ല തോന്നുമ്ബോഴെല്ലാം രാമായണമെടുത്ത് 67 കാരനായ പാറയ്ക്കലച്ചന്‍ ഉറക്കെ വായിക്കും. അലമാരയില്‍ ബൈബിളിന്റെ തൊട്ടടുത്ത് രാമായണവുമുണ്ട്.
കോളേജ് പഠനകാലത്താണ് പാറയ്‌ക്കലച്ചന് രാമായണം ഹരമായത്. മലയാളം ക്ലാസില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നാടകം പഠിക്കാനുണ്ടായിരുന്നു. ഗുരുവായിരുന്ന ഡോ.ഡി.ബഞ്ചമിന്റെ നിര്‍ദ്ദേശപ്രകാരം ഡോ.എം.ഗോപാലകൃഷ്ണന്‍ നായരുടെ കീഴിലാണ് രാമായണ നാടകങ്ങളില്‍ ഗവേഷണം നടത്തിയത്.
രാമായണവും അതിനെ അടിസ്ഥാനമാക്കി മലയാളത്തില്‍ പ്രസിദ്ധീകരിച്ച 56 നാടകങ്ങളും ആഴത്തില്‍ പഠിച്ചു. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല സ്ഥാപകന്‍ വൈദ്യരത്നം പി.എസ് വാരിയര്‍ എഴുതിയ പ്രസിദ്ധീകരിക്കാത്ത രാമായണ നാടകത്തിന്റെ കൈയെഴുത്തു പ്രതിയും പഠന വിധേയമാക്കി. ‘രാമായണ നാടകപര്യടനം’ എന്ന പി. എച്ച്‌ഡി പ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിച്ചു.

പഠനശേഷം കുറവിലങ്ങാട് ദേവമാതാ കോളേജില്‍ മലയാളം അദ്ധ്യാപകനായി. വിവിധ സെമിനാരികളിലും അദ്ധ്യാപകനായിരുന്നു. കാത്തലിക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ സംസ്ഥാന ഡയറക്ടറുമായിരുന്നു. ബൈബിള്‍ വചനങ്ങളും ക്രൈസ്തവ വിശുദ്ധരുടെ ജീവിതവും ആസ്പദമാക്കി 15 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റക്കര കരിമ്ബാനി പാറയ്ക്കല്‍ പരേതരായ കുര്യാക്കോസ് തോമസിന്റെയും മറിയം തോമസിന്റെയും മകനാണ്.

 

 

 

” ഒരു ഇതിഹാസം എന്ന നിലയില്‍ സര്‍വ ജീവജാലങ്ങള്‍ക്കും വഴികാട്ടിയാണ് രാമായണം”-അച്ചൻ പറയുന്നു.

Back to top button
error: