NEWS

അലേർട്ടുകളെ പേടിക്കണ്ട; വീട്ടിൽ തന്നെ മഴ അളക്കാം

ദിവസവും മാധ്യമങ്ങളിൽ കൂടി മഴയുടെ മുന്നറിയിപ്പ് നമുക്ക് ലഭിക്കുന്നുണ്ട്.റെഡ് അലേർട്ട് യെല്ലോ അലേർട്ട് എന്നിങ്ങനെ കേൾക്കാത്ത ദിവസങ്ങളുമില്ല.എന്നാൽ ചിലയിടങ്ങളിൽ ഒഴികെ അത്രക്ക് മഴ പെയ്യുന്നതായി കാണുന്നുമില്ല. 
 
 24 മണിക്കൂറിൽ പെയ്‌ത മഴയുടെ ആഴം എത്രയാണ് എന്നാണ് ഇപ്പറയുന്ന 1 cm അല്ലെങ്കിൽ 2 cm മഴ പെയ്‌തു എന്ന് പറയുന്നത്. ലളിതമായി പറഞ്ഞാൽ ഒരു വട്ടപ്പാത്രം പുറത്ത് മഴയത്ത് എടുത്ത് വച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞാൽ അതിൽ എത്ര ആഴം വെള്ളം ഉണ്ട് എന്ന് ഒരു സ്കെയിൽ വച്ച് നോക്കി മഴയെ അളക്കാം. ശരിയായ അളവ് കിട്ടണമെങ്കിൽ അതിൽ നിന്ന് വെള്ളം ആവിയായി പോകുന്നത് തടയാനുള്ള സംവിധാനം വേണം. അതിനും വട്ടപ്പാത്രത്തിന്റെ അതെ diameter ഉള്ള ഒരു funnel ആ പാത്രത്തിന് മുകളിൽ വച്ചാലും ആവിയായി പോകുന്ന വെള്ളത്തിന്റെ അളവ് ഒരു പരിധി വരെ കുറക്കാം.
മിക്ക ദിവസങ്ങളിലും 1-3 cm മഴയാണ് പെയ്യുന്നത്.ഇതിനെ വിവിധ അലേർട്ടുകൾ നൽകി ഭയപ്പെടുത്തേണ്ടതില്ല.തീവ്ര മഴ ഏതാണ്ട് 6 -11 cm, അതിതീവ്ര മഴ എന്നൊക്കെ പറഞ്ഞാൽ 11-20 cm നും മുകളിൽ പെയ്യുന്ന മഴയാണ്.വളരെ അപൂർവ്വമായി മാത്രമേ ഇത്തരം ഭയാനകമായ മഴ ഉണ്ടാകൂ. 2018 തുടർച്ചയായി ഓരോ ദിവസവും 23cm, 25cm, 24cm മഴയാണ് കോതമംഗലം പ്രദേശത്ത് പെയ്‌തിറങ്ങിയത്. ഇടുക്കിയിൽ മൂന്ന് ദിവസം കൊണ്ട് അത് 85cm ന് മുകളിൽ ആയിരുന്നു. 1924( 99 ലെ വെള്ളപ്പൊക്കം) മൂന്നാറിൽ മൂന്ന് ദിവസം പെയ്‌തത്‌ 65 cm ആയിരുന്നു.
പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞ് പറ്റിച്ച ബാലന് യഥാർത്ഥ പുലി വന്നപ്പോൾ ആരും സഹായത്തിനുണ്ടായില്ല എന്ന് പറഞ്ഞപോലെ എന്നും യെല്ലോ അലേർട്ടും, റെഡ് അലേർട്ടും പ്രഖ്യാപിക്കുകയും 1-2 cm മഴ പെയ്യുകയും ചെയ്യുമ്പോൾ പൊതു ജനം അതിനെ മുഖവിലക്കെടുക്കാതാകും.അത് കൂടുതൽ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് കാലാവസ്ഥ പ്രവചന സംവിധാനം കുറച്ചുകൂടെ കൃത്യതയോടെ പ്രവചിക്കുവാൻ സാധിക്കണം. യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഇതൊക്കെ വളരെ കൃത്യതയോടെ ചെയ്യുന്നുണ്ട്.

Back to top button
error: