MovieNEWS

‘ഓളവും തീരവും’ സിനിമയിൽ മോഹൻലാലിൻ്റെ നായികദുർഗാ കൃഷ്ണ

എം.ടി വാസുദേവൻ നായരുടെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘ഓളവും തീരവും’ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചു. നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന പത്ത് എം ടി കഥകളുടെ ആന്തോളജി ചിത്രത്തിന്റെ ഒരു ഭാഗമാണ് ഈ മോഹൻലാൽ – പ്രിയദർശൻ ചിത്രം. ഹരീഷ് പേരാടി, മാമുക്കോയ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നായികാ താരമായ ദുർഗാ കൃഷ്ണയാണ്. മോഹൻലാലിനൊപ്പം ഇതിനു മുൻപും ദുർഗാ കൃഷ്ണ അഭിനയിച്ചിട്ടുണ്ടെങ്കിലും, മോഹൻലാലിന്റെ നായികയായി ആദ്യമായാണ് അഭിനയിക്കുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്ത ‘ഉടൽ’ എന്ന ചിത്രത്തിൽ ദുർഗാ കൃഷ്ണ കാഴ്ചവെച്ച പ്രകടനം വലിയ പ്രേക്ഷക – നിരൂപക പ്രശംസയാണ് നേടിയത്. ഒരുപിടി പ്രതീക്ഷയുമുള്ള ചിത്രങ്ങളുമായി തിരക്കിലുള്ള നടിയാണിപ്പോൾ ദുർഗാ കൃഷ്ണ.

വിവാഹത്തിന് ശേഷവും അഭിനയ ജീവിതം തുടരുന്ന ദുർഗാ, ഒരു നടിയെന്ന നിലയിൽ തന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഓളവും തീരവും എന്ന കഥയെ അടിസ്ഥാനമാക്കി, 1970 ഇൽ പി എൻ മേനോൻ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. മധു, ഉഷ നന്ദിനി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രം മലയാള സിനിമയെ മദ്രാസിലെ സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്നും മോചിപ്പിച്ച്, വാതിൽപ്പുറ ചിത്രീകരണത്തിലേക്കു കൈപിടിച്ച് നടത്തിയ ചിത്രം കൂടിയാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുള്ള ആദരം കൂടിയാണ്, അതിന്റെ പുനരാവിഷ്കരണത്തിലൂടെ മോഹൻലാൽ- പ്രിയദർശൻ ടീം നൽകുന്നത്. ഈ നെറ്റ്ഫ്ലിക്സ് ആന്തോളജിയിൽ ബിജു മേനോൻ നായകനായ ശിലാലിഖിതമെന്ന ചിത്രവും പ്രിയദർശൻ ഒരുക്കിയിട്ടുണ്ട്.

Back to top button
error: