വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിതാ വീഡിയോ വ്ളോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനംവകുപ്പ്. കിളിമാനൂർ സ്വദേശിയായ വ്ലോഗർ അമല അനുവിനെ സൈബർ സെല്ലിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് നീക്കം.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമലയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇവർ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നീക്കം തുടങ്ങിയത്. അമല ഒളിവിലാണെന്നാണ് സൂചന.
വനത്തിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമലക്കെതിരേ വനം വകുപ്പ് കേസെടുത്തത്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് ഇവർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. പുനലൂര്‍ മാമ്പഴത്തറ സംരക്ഷിതവനമേഖലയിലാണ് ഇവർ അതിക്രമിച്ച് കയറിയത്.