KeralaNEWS

സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ച് കൈമാറി; നറുക്ക് വീണത് വാസവനും റിയാസിനും വി അബ്ദുറഹ്‌മാനും

തിരുവനന്തപുരം: ഭരണഘടനയെ സംബന്ധിച്ച വിവാദ പ്രസംഗത്തെത്തുടര്‍ന്ന് മന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ച സജി ചെറിയാന്റെ വകുപ്പുകള്‍ മൂന്നുമന്ത്രിമാര്‍ക്കായി വിഭജിച്ച് നല്‍കി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്. വകുപ്പു മാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു.

ഫിഷറീസ് വകുപ്പ് അബ്ദുറഹ്‌മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‌കാരിക വകുപ്പുകള്‍ വിഎന്‍ വാസവനുമാണ് നല്‍കിയത്. നിലവില്‍ പിഎ മുഹമ്മദ് റിയാസിന് ടൂറിസം-പൊതുമരാമത്ത് വകുപ്പുകളും വിഎന്‍ വാസവന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുകളും വി അബ്ദുറഹ്‌മാന് കായിക വകുപ്പുമാണ് ഉണ്ടായിരുന്നത്.

ഇതിനു പുറമെ ഇനി സജി ചെറിയാന്‍െ്‌റ വകുപ്പുകളും വിഭജനപ്രകാരം ഇവര്‍ക്കു ലഭിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഭരണഘടനയെ സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ ബുധനാഴ്ചയാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്.

Back to top button
error: