KeralaNEWS

മൂന്നാറില്‍ തൊഴിലാളികള്‍ക്ക് ഇടയിലൂടെ പാഞ്ഞോടി പുലികള്‍

മൂന്നാര്‍: തേയില എസ്‌റ്റേറ്റില്‍ ഭീതിവിതച്ച് തൊഴിലാളികള്‍ക്ക് ഇടയിലൂടെ പുലികളുടെ പാഞ്ഞോട്ടം. തോട്ടത്തിലെത്തിയ പുലിയെ വളര്‍ത്തുനായ് ഓടിക്കുന്നതിനിടെ മറ്റൊരു പുലി മരത്തില്‍നിന്നു ചാടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തില്‍ കൊളുന്തെടുക്കുന്നതിനിടെയാണ് സംഭവം.

120 ഓളം തൊഴിലാളികളാണ് പതിവുപോലെ ഫീല്‍ഡ് നമ്പര്‍ 4 ല്‍ ജോലിക്കെത്തിയത്. കൊളുന്തെടുക്കുന്നതിനിടെ തൊഴിലാളികള്‍ക്കൊപ്പമെത്തിയ വളര്‍ത്തുനായ കുരച്ച് ബഹളം വച്ചു. തുടര്‍ന്നാണ് ചീറിപ്പാഞ്ഞ് അടുത്തേക്ക് എത്തുന്ന പുലിയെ തൊഴിലാളികള്‍ കണ്ടത്. ഭീതിയോടെ ചിതറിയോടിയ തൊഴിലാളികള്‍ മരച്ചുവട്ടില്‍ നില്‍ക്കുന്നതിനിടെയാണ് മരത്തില്‍ നിന്നും മറ്റൊരു പുലി തോട്ടത്തിലേക്ക് ചാടി ഓടിയത്.

Signature-ad

മേഖലയില്‍ നിരവധി പശുക്കളെയാണ് പുലി ആക്രമിച്ച് കൊന്നിട്ടുള്ളത്. പകല്‍ നേരങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ പുലിയുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. സംഭവസ്ഥലത്തെത്തിയ വനപാലകരോട് ഇക്കാര്യം പറഞ്ഞ് തൊഴിലാളികള്‍ പ്രതിഷേധിച്ചു. എഴുപതോളം പശുക്കളെയാണ് പുലി ഇതിനോടകം ആക്രമിച്ച് കൊന്നത്.

ഇതിനിടെയാണ് തൊഴിലാളികള്‍ ജോലിചെയ്യുന്ന തേയിലക്കാട്ടില്‍ പുലിയെ നേരില്‍ കണ്ടത്. ജനവാസ മേഖലയില്‍ എത്തുന്ന പുലികളെ കൂടുവെച്ച് പിടിക്കാന്‍ വനപാലകര്‍ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Back to top button
error: