ഗാന്ധിനഗര്‍: മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ വമ്പന്‍ മദ്യസല്‍ക്കാരം നടത്തിയതിന് ബിജെപി നേതാവുള്‍പ്പെടെ 41പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വല്‍സദ് ജില്ലയിലെ കാഞ്ചന്-ഹാരി ഗ്രാമത്തിലാണ് മദ്യസല്‍ക്കാരം നടന്നത്. 15000രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, അഞ്ച് കാറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. 35ലക്ഷം വില വരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്.
ബിജെപി നേതാവ് വല്‍സദ് താലൂക്ക് സര്‍പഞ്ച് സംഘ് അദ്ധ്യക്ഷന്‍ വിനോദ് പട്ടേല്‍, നാനക്വാഡ ഉപ സര്‍പഞ്ച് എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റ് ചെയ്തവരെ വല്‍സദ് ജില്ലാ കോടതിയില്‍ ഹാജരാക്കി. വിനോദ് പട്ടേലാണ് സല്ക്കാരമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയതെന്നും പൊലീസ് പറഞ്ഞു.