IndiaMovieNEWS

പുകവലിക്കുന്ന ‘കാളി’; ഡോക്യുമെന്‍്‌ററി പോസ്റ്റര്‍ വിവാദത്തില്‍; ഭയമില്ല ജീവനാണ് വേണ്ടതെങ്കില്‍ നല്‍കാമെന്ന് സംവിധായിക

ദില്ലി: ചലച്ചിത്ര സംവിധായിക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി പോസ്റ്ററിനെതിരേ വന്‍വിമര്‍ശനം. കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി സമൂഹത്തിന്റെ ഫ്‌ളാഗും കാണാം. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. കാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.

പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ശനിയാഴ്ചയാണ് മണിമേഖല പങ്കുവെച്ചത്. കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ചത് ക്ഷമിക്കാനാവില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പോസ്റ്ററിനെതിരേ പ്രതിഷേധം ഉയരുന്നത്.

Signature-ad

ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായികയ്ക്കെതിരേ ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കി. കടുത്ത സൈബര്‍ ആക്രമണമാണ് പോസ്റ്ററുമായി ബന്ധപ്പെട്ട് ലീന മണിമേഖല നേരിടുന്നത്. ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അതേസമയം, ‘എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അത് നല്‍കാം’, എന്നായിരുന്നു ലീനയുടെ പ്രതികരണ ട്വീറ്റ്. തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല.

‘ടൊറന്റോയിലെ തെരുവുകളില്‍ ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം കണ്ടാല്‍ ‘ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക’ എന്ന ഹാഷ്ടാഗ് ഇടാതെ, ‘ലവ് യു ലീന മണിമേഖലൈ’ എന്ന ഹാഷ്ടാഗാണ് ഇടുകയെന്നും സംവിധായിക തമിഴില്‍ ട്വീറ്റ് ചെയ്തു.

Back to top button
error: