പത്തനംതിട്ട: സംസ്ഥാനത്ത് ഓൺലൈൻ ലോൺ ആപ്പുകളുടെ തട്ടിപ്പിൽ ഇരയാകുന്നവരുടെ എണ്ണം വീണ്ടും കൂടുന്നു. പത്തനംതിട്ട പഴകുളത്ത് ലോൺ എടുത്ത പൊതുപ്രവർത്തകന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാണ് കമ്പനിയുടെ ഭീഷണി. പല തവണ സമാന സംഭങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും പൊലീസിന് നടപടി എടുക്കാൻ കഴിയുന്നില്ല.
ഒറ്റ ക്ലിക്കിൽ വേഗത്തിൽ പണം. സാധാരണ ബാങ്ക് നടപടി ക്രമങ്ങളിലെ നൂലാമാലകൾ ഇല്ല. ആധാറും പാൻ കാർഡും ഉണ്ടെങ്കിൽ അത്യാവശ്യക്കാരന് അനായാസം പണം കിട്ടും. 3000 മുതൽ ഒരു ലക്ഷം വരെയാണ് ഓൺലൈൻ ആപ്പുകളുടെ വായ്പാ സേവനം. പക്ഷെ വായ്പ് എടുത്ത പണം തിരിച്ചടക്കാൻ തുടങ്ങുമ്പോഴാണ് സേവനം ‘ആപ്പ്’ ആയി മാറുന്നത്. പത്ത് ദിവസം മുമ്പ് ലോൺബ്രോ, യെസ് ക്യാഷ് എന്നീ ആപ്പുകളിൽ നിന്നാണ് പഴകുളം സ്വദേശി ഷിഹാബുദ്ദീൻ 17,000 രൂപ വായ്പ എടുത്തത്. 15 ദിവസത്തിന് ശേഷം പലിശ അടച്ച് തുടങ്ങാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പണം കിട്ടി മൂന്നാം ദിവസം 5,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഷിഹാബുദ്ദീന്റെ ഫോണിൽ മെസേജ് വന്നു. പണം അടയ്ക്കാതിരുന്നതോടെ
ഫോണിലെ കോൺടാക്ട് നമ്പറുകളിലേക്ക് സന്ദേശമെത്തി. അശ്ലീല ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു.
ഇത് സംബന്ധിച്ച് അടൂർ സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇന്ത്യക്ക് പുറത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ആപ്പുകളുടെ തട്ടിപ്പിൽ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരാണ് പൊലീസ്. മുമ്പ് വ്യാപക തട്ടിപ്പ് നടന്ന സമയത്ത് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജുകൾ വഴി ബോധവത്കരണം നടത്തിയിരുന്നു. കൊവിഡിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൂടുതൽ ആളുകളെ ലോൺ ആപ്പുകളുടെ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നത്.