KeralaNEWS

സ്വപ്‌നയുടെ മോഴി പൊതുരേഖയാണോ? സരിതയുടെ ഹര്‍ജിയില്‍ സഹായത്തിന് അമിക്കസ്‌ക്യൂരിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയില്‍ അമിക്കസ് ക്യൂരിയെ നിയോഗിച്ച് ഹൈക്കോടതി. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്‌നത്തില്‍ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്. സ്വപ്നയുടെ രഹസ്യമൊഴിയില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെന്നറിഞ്ഞെന്നും അതിനാല്‍ത്തന്നെ മൊഴിയുടെ പകര്‍പ്പ് കിട്ടാന്‍ അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഹര്‍ജി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.

അതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവസ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. പാലക്കാടും തിരുവനന്തപുരത്തും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം.

തിരുവനന്തപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ഹൈക്കോടതി സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന് കണ്ടായിരുന്നു കോടതി നടപടി. എന്നാല്‍ അന്വേഷണ സംഘം പിന്നീട് വകുപ്പുകള്‍ കൂട്ടി ചേര്‍ത്തതായി സ്വപ്ന കോടതിയെ അറിയിച്ചു.ഇതിന് പോലീസിനുള്ള അധികാരത്തെ തടയാന്‍ കഴിയുകയില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലാം തവണയാണ് സ്വപ്ന ഇഡിയ്ക്ക് മുന്നില്‍ ഹാജരായത്. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്നയില്‍ നിന്ന് മൊഴിയെടുക്കാന്‍ തുടങ്ങിയത്. മുന്‍മന്ത്രി കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ 164ല്‍ വെളിപ്പെടുത്തലുകളുണ്ട്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും കോണ്‍സുല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നല്‍കിയിട്ടുള്ളത്.

Back to top button
error: