KeralaNEWS

രാഹുല്‍ഗാന്ധി എം.പി കണ്ണൂരിലിറങ്ങി, സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹം

   രാഹുല്‍ ഗാന്ധി എം.പി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.45 ന് കണ്ണൂരിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകനും മറ്റ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും.11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

തുടര്‍ന്ന് 2.30ന് വയനാട് കലക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിങ്ങില്‍ പങ്കെടുക്കും. 3.30ന് എം.പി ഫണ്ട് അവലോകന യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജനസംഗമത്തിലും സംബന്ധിക്കും. നാള (ശനി) രാവിലെ 11ന് സുല്‍ത്താന്‍ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും.

Signature-ad

തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ഞായറാഴ്ച രാവിലെ 9.30ന് നിലമ്പൂര്‍ കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി-വ ലാംപുറം-കൊട്ടന്‍പാറ റോഡ് ഉദ്ഘാടനമാണ് രാഹുല്‍ഗാന്ധിയുടെ ആദ്യപരിപാടി. തുടര്‍ന്ന് 11.35ന് വണ്ടൂര്‍ ചോക്കാട് ടൗണില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്‌ നടപ്പാക്കുന്ന ആംബുലന്‍സ് ആന്‍ഡ് ട്രോമ കെയര്‍ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.

ഉച്ചക്കുശേഷം മൂന്നിന് വണ്ടര്‍ മാമ്പാട് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലും പങ്കെടുക്കും. വൈകീട്ട് 4.15ന് വണ്ടൂര്‍ ഗോള്‍ഡന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ ക്ലബുകള്‍ക്കുള്ള ജഴ്സി വിതരണചടങ്ങും രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം കോഴിക്കോട് നിന്ന് ഡൽഹിക്ക് മടങ്ങും.

രാഹുൽ ​ഗാന്ധിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹത്തെ നിയോ​ഗിച്ചിട്ടുണ്ട്. എയർപോർട്ടിൽ നിന്ന് അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം ഇദ്ദേഹത്തെ വയനാട് അതിർത്തി വരെ അനു​ഗമിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ആ‍ർ ഇളങ്കോ അറിയിച്ചു. വ‌യനാട്ടിൽ ഇന്ന് നാല് പരിപാടികളിലാണ് രാഹുൽ ​ഗാന്ധി പങ്കെടുക്കും. എല്ലാ പരിപാടികളിലും പൊലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.

Back to top button
error: