IndiaNEWS

ഉദ്യോഗാര്‍ഥികള്‍ ഒഴുകുന്നു അഗ്‌നിപഥിലേക്ക്; നാല് ദിവസംകൊണ്ട് ലഭിച്ചത് 94,000 അപേക്ഷകര്‍

ന്യൂഡല്‍ഹി: രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും തീവെപ്പിനും ഇടയാക്കിയ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്ക്. വിജ്ഞാപനം വന്ന് നാല് ദിവസം പിന്നിടുമ്പോള്‍ മൊത്തം അപേക്ഷകരുടെ എണ്ണം 94000 കടന്നു. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുമാത്രമാണിത്. വ്യോമസേനയിലേക്ക് മാത്രമായി 56960 അപേക്ഷകള്‍ എത്തിയിട്ടുണ്ടെന്ന് സേന വ്യക്തമാക്കി. ജൂണ്‍ 14 -നാണ് സേനാ നിയമനത്തില്‍ ചരിത്രപരമായ തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.

പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവരെ നാല് വര്‍ഷ കരാറില്‍ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്‌നിപഥ് പദ്ധതി. അഗ്‌നിവീര്‍ എന്നറിയപ്പെടുന്ന ഈ സേനാംഗങ്ങള്‍ മറ്റു സൈനികരെ പോലെ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹരായിരിക്കില്ലെന്നും അറിയിച്ചിരുന്നു.

Signature-ad

നാല് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുക്കപെടുന്ന 25 ശതമാനം പേരെ മാത്രം 15 വര്‍ഷത്തേക്ക് നിയമിക്കുകയും മറ്റുള്ളവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലുമായിരുന്നു പദ്ധതിയില്‍. പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം സംസ്ഥാനങ്ങളില്‍ ഉയര്‍ന്നപ്പോള്‍ അഗ്‌നിവീറുകള്‍ക്ക് നിയമന ആനുകൂല്യങ്ങളും മറ്റും പ്രഖ്യാപിച്ച് പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

വിരമിക്കലിന് ശേഷം മറ്റ് സേനകളിലേക്ക് 10 ശതമാനം സംവരണം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. മാത്രമല്ല തീവെപ്പിലോ കലാപങ്ങളിലോ ഉള്‍പ്പെട്ടവരെ അപേക്ഷകരായി പരിഗണിക്കില്ലെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നത്. ഇതിനിടെ പ്രതിഷേധക്കാരെ സംസ്ഥാനങ്ങളില്‍ കൂട്ടത്തോടെ അറസ്റ്റുചെയ്യന്നുണ്ട്. കലാപശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്.

Back to top button
error: