മുംബൈ: ഗിയര്‍ലെസ് സ്കൂട്ടറുകള് മാത്രം മോഷ്ടിക്കുന്ന യുവാവ് പോലീസിന്റെ പിടിയില്‍. മല്‍വാനി സ്വദേശിയായ ഷാഹിദ് ഷെയ്ഖി(30)നെയാണ് മുംബൈ സിറ്റി പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് മൂന്ന് സ്കൂട്ടറുകളും നാല് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.
നഗരത്തിലെ സ്കൂട്ടര്‍ മോഷണക്കേസുകളില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്ഥിരംമോഷ്ടാവായ ഷാഹിദ് ഷെയ്ഖ് കുടുങ്ങിയത്. അന്വേഷണത്തിനിടെ ഷാഹിദിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പറും നിരീക്ഷിച്ചു. തുടര്‍ന്നാണ് കഴിഞ്ഞദിവസം മോഷ്ടിച്ച സ്കൂട്ടറുമായി പ്രതിയെ പോലീസ് പിടികൂടിയത്.
ഗിയറുള്ള ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ അറിയാത്തതിനാലാണ് ഗിയര്‍ലെസ് സ്കൂട്ടറുകള് മാത്രം മോഷ്ടിക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നേരത്തെ ഒരു ആക്രമണ കേസില്‍ ഷാഹിദിനെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഈ കേസില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഷാഹിദ് ജാമ്യത്തിലിറങ്ങിയത്. ഈ സുഹൃത്തിന് സമ്മാനിക്കാനായാണ് ഒരു സ്കൂട്ടര്‍ മോഷ്ടിച്ചതെന്നും ഇത് സുഹൃത്തിന് സമ്മാനമായി കൈമാറിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.