IndiaNEWS

മഹാരാഷ്ട്ര: അയോഗ്യത നീക്കത്തിനെതിരെ വിമതര്‍ സുപ്രീം കോടതിയിലേക്ക്; ഹര്‍ജി നാളെ പരിഗണിക്കും

ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്ക്. ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. അയോഗ്യത നീക്കത്തിനെതിരെയാണ് ഹര്‍ജി. ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്തതാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. അതിനിടെ, വിമത എം എല്‍ എമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ കത്ത്‌നല്‍കി. ഡിജിപിക്കും മുംബൈ പൊലീസ് കമ്മീഷണര്‍ക്കുമാണ് ഗവര്‍ണര്‍ കത്തയച്ചത്.

വിമതരെ പിളര്‍ത്താന്‍ ഉദ്ധവ് താക്കറേ പക്ഷം നീക്കം തുടരുന്നതിനിടെയാണ് നിര്‍ണാടക നീക്കം ഉണ്ടായിരിക്കുന്നത്. ഗുവാഹത്തിയിലെ ഹോട്ടലില്‍ തങ്ങുന്നവരില്‍ 20 വിമത എംഎല്‍എമാരുമായി ഉദ്ധവ് പക്ഷം സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നു സൂചനകള്‍ പുറത്തുവന്നിരുന്നു. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാല്‍ ശിവസേനയുടെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒന്‍പതാമത്തെ ശിവസേന മന്ത്രിയും ഇന്ന് ഷിന്‍ഡെ ക്യാമ്പിലെത്തി.

ഏക്‌നാഥ് ഷിന്‍ഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്തു നിന്ന് നീക്കാനും ഉദ്ധവ് താക്കറെ നടപടികള്‍ തുടങ്ങിയിരുന്നു. അതിനിടെ 15 വിമത എംഎല്‍മാര്‍ക്ക് വൈപ്ലസ് കാറ്റഗറി സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. നാട്ടില്‍ എംഎല്‍എമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ് ഷിന്‍ഡെ ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിമത എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കി. ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായിരുന്നു.

വൈകീട്ടോടെയാണ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയില്‍ എത്തിയത്. ഇതോടെ ഉദ്ധവ് പക്ഷത്തില്‍ ബാക്കിയുള്ള മന്ത്രിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. അതിനിടെ വിമത എംഎല്‍മാരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷവും ഇന്ന് ഗുവാഹത്തിയിലെ ഹോട്ടലില്‍ നടന്നു.

 

Back to top button
error: