KeralaNEWS

മാറ്റുന്നതിനിടെ, ഉപയോഗ ശൂന്യമായ വൈദ്യുത പോസ്റ്റ് തലയില്‍വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: നടുവട്ടത്ത് ഉപയോഗ ശൂന്യമായ വൈദ്യുത പോസ്റ്റ് തലയില്‍വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു.

ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. എന്നാല്‍, കരാറുകാരന്റെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

Signature-ad

കോഴിക്കോട്-ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത് പുതിയ വൈദ്യുത പോസ്റ്റുകളിട്ട ശേഷം പഴയവ മുറിച്ച് മാറ്റുകയായിരുന്നു കെഎസ്ഇബി കരാറുകാര്‍. പൊടുന്നനെ പോസ്റ്റ് മറിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍, വീട്ടിലേക്ക് പോവുകയായിരുന്നു ബേപ്പൂര്‍ സ്വദേശി അര്‍ജുന്റെ തലയ്ക്ക് മുകളിലേക്കാണ് പോസ്റ്റ് വീണത്. സംഭവത്തില്‍ കരാറുകാരന്‍ ആലിക്കോയക്കെതിരെ കുറ്റകരമായ നരഹത്യക്ക് ബേപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയത് എന്നും പൊലീസ് പറഞ്ഞു.

അതേസമയം, കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെഎസ്ഇബി ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജി സുധാകരന്‍ പ്രതികരിച്ചത്. പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും കെഎസ്ഇബി അറിയാതെയാണ് കരാറുകാരന്‍ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരന്‍ പറയുന്നു. മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: