കൊച്ചി: ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത് കേസിൽ സിനിമാ നിർമാതാവ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ. വാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമാതാവ് കെ.പി സിറാജുദ്ദീനാണ് പിടിയിലായത്.
ഏപ്രിൽ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോയായിൽ വന്ന ഇറച്ചിവെട്ട് യന്ത്രത്തിൽനിന്ന് രണ്ടരക്കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഭവത്തില്‍ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഒരു ലാപ്ടോപ്പും ഏതാനും ചില രേഖകളും വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീടാണ് ഷാബിനെ അറസ്റ്റ് ചെയ്തത്.
ദുബായില്‍ നിന്നെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച യന്ത്രമുണ്ടായിരുന്നത്. സിറാജുദ്ദീന് എന്നയാളാണ് സ്വര്‍ണ്ണം അയച്ചതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കാർഗോ കൈപ്പറ്റാൻ വന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു യന്ത്രം എത്തിയത്. ഈ സ്ഥാപനത്തിന്റെ പാർട്ട്നറാണ് തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ. യന്ത്രം തുറക്കാന്‍ സാധിക്കാത്തതിനാല്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചായിരുന്നു സ്വര്‍ണ്ണം പുറത്തെടുത്തത്.
രണ്ടേകാല്‍ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വര്‍ണ്ണക്കട്ടികള്‍ ആണ് യന്ത്രത്തില്‍ നിന്ന് ലഭിച്ചത്. ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന യന്ത്രമായിരുന്നിട്ടും ഇറക്കുമതി ചെയ്തത് എന്തിനെന്ന സംശയം തോന്നിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് കാര്‍ഗോ വിശദമായി പരിശോധിച്ചത്
ഇത്തരത്തിൽ മുൻപും സ്വർണം കടത്തിയിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഷാബിനെയും മറ്റു പ്രതികളെയും ചോദ്യംചെയ്തപ്പോഴാണ് സിനിമാനിർമാതാവ് കെ.പി സിറാജുദ്ദീനാണ് ഗൾഫിൽനിന്ന് സ്വർണം അയച്ചതെന്ന് വ്യക്തമായത്.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പലതവണ സിറാജുദ്ദീന്റെ വീട്ടിൽ നോട്ടീസ് നൽകി. എന്നാൽ ഇയാൾ ഹാജരായില്ല. ചൊവ്വാഴ്ച സിറാജുദ്ദീൻ ചെന്നൈയിൽ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്നു. അവിടെനിന്നാണ് സിറാജുദ്ദീനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. തൃക്കാക്കര സ്വർണക്കടത്തു കേസിലെ പ്രധാന പ്രതിയാണ് സിറാജുദ്ദീൻ..