IndiaNEWS

നേതാക്കൾക്കെതിരായ നടപടിയിലും, അഗ്നിപഥ് പദ്ധതിയിലും രാഷ്ട്രപതിക്ക് നിവേദനം നൽകി കോൺഗ്രസ്

ദില്ലി: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡി നടപടിയിലും അഗ്നിപഥ് പദ്ധതിയിലും രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് പരാതി നൽകി കോൺഗ്രസ്. പാർലമെന്റ് ഹൗസിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ ശേഷമാണ് കോൺഗ്രസിന്റെ ഏഴംഗ പ്രതിനിധി സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടത്.

അഗ്നിപഥ് പദ്ധതിയിലെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചുവെന്നും പരാതി നൽകിയെന്നും തിരികെ വന്ന കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് എതിരായ നടപടിയിലും പരാതി നൽകി. അഗ്നിപഥ് സേനയുടെ പ്രാഗൽത്ഭ്യത്തെ ബാധിക്കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. എഐസിസി ആസ്ഥാനത്ത് പോലീസ് കടന്ന് അതിക്രമം കാണിച്ചത് ഒരിക്കലും ന്യായീകരിക്കാൻ ആകത്തതാണെന്നും രാഷ്ട്രപതിയോട് പറഞ്ഞു. നേതാക്കളെ ക്രൂരമായി കൈകാര്യം ചെയ്തത് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കണം എന്നുമാണ് ആവശ്യം. പാർലമെന്റിലും ഈ വിഷയം ഉന്നയിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

Signature-ad

ഇന്ന് ഉച്ചയോടെ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പാതിവഴിയിൽ ദില്ലി പൊലീസ് തടഞ്ഞു. ഇതേ തുടർന്ന് ദില്ലി പൊലീസും നേതാക്കളും തമ്മിൽ ഉന്തും തള്ളും നടന്നു. പിന്നാലെ പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണാൻ പോയപ്പോൾ എംപിമാരുടെ സംഘം വിജയ് ചൗക്കിൽ ഇരുന്ന് പ്രതിഷേധിച്ചു.

Back to top button
error: