IndiaNEWS

ആക്രമണങ്ങളില്‍ ദുഃഖമുണ്ട്, അഗ്‌നിവീറുകള്‍ക്ക് ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര

ദില്ലി: അഗ്‌നിപഥ് പദ്ധതിയെ അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത്. സേവനം കഴിഞ്ഞിറങ്ങുന്ന അഗ്‌നിവീറുകള്‍ക്ക് ജോലി നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പദ്ധതിക്കെതിരായ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടെയാണ് പദ്ധതിയെ പിന്തുണച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അഗ്‌നിവീറുകള്‍ക്ക് ജോലി നല്‍കാന്‍ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് ട്വീറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. അഗ്‌നിപഥ് പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഗ്‌നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോഴും അക്കാര്യം ആവര്‍ത്തിക്കുന്നു. കോര്‍പ്പറേറ്റ് രംഗത്ത് അഗ്‌നിവീറുകള്‍ക്കു വലിയ തൊഴിലവസരമാണ് തുറന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഗ്‌നിവീറുകളുടെ നേതൃത്വം, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നിവ വ്യവസായത്തിന് അനുയോജ്യമായ പ്രഫഷനല്‍ പരിഹാരങ്ങള്‍ക്ക് ഉപയോഗിക്കാം.

ഓപ്പറേഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി ചെയിന്‍ മാനേജ്‌മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളില്‍ അഗ്‌നിവീറുകളെ ഉപയോഗിക്കാമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. പരിശീലനം സിദ്ധിച്ച കഴിവുള്ള അഗ്‌നിവീറുകളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ക്കിടെ നടക്കുന്ന അക്രമണങ്ങളില്‍ സങ്കടമുണ്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് രാജ്യത്തെ പ്രധാന വ്യവസായികളിലൊരാളായ ആനന്ദ് മഹീന്ദ്ര അനുകൂലിച്ച് രംഗത്തെത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷം. ബിഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Back to top button
error: