CrimeNEWS

തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാണ്ടിക്കാട് സ്വദേശി മുജീബ് റഹ്മാൻ, സംഭവം കൊലപാതകം

   നിലമ്പൂർ: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേതു കൊലപാതകം. ടെക്‌സ്‌റ്റൈൽസ് ഉടമ ഉൾപ്പെടെ 5 പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെൽഡിങ് ജോലിക്കാരനായ പാണ്ടിക്കാട് പുലിക്കോട്ടിൽ മുജീബ് റഹ്മാനാണ് (29) മരിച്ചത്.
അജ്ഞാത നമ്പറിൽ നിന്നു വെള്ളിയാഴ്ച രാത്രി 9ന് മുജീബ് റഹ്മാന്റെ ഭാര്യ രഹ്നയുടെ വാട്‌സാപ്പിൽ ഒരു ഫോട്ടോ വന്നു. കൈകൾ ബന്ധിച്ച നിലയിൽ അവശനായ ഭർത്താവ്…!
കൊണ്ടോട്ടിക്കു സമീപം കിഴിശേരിയിലാണു മുജീബ് ജോലി ചെയ്യുന്നത്. വീട്ടുചെലവിനു പണവുമായി ഞായറാഴ്ച വരുമെന്നു വെള്ളിയാഴ്ച രാത്രി 7ന് മുജീബ് രഹ്നയെ വിളിച്ചു പറഞ്ഞിരുന്നു. അതിനു രണ്ടു മണിക്കൂറിനു ശേഷമാണ് കൈകൾ ബന്ധിച്ച നിലയിലുള്ള മുജീബിൻ്റെ ഫോട്ടോ വാട്‌സാപ്പിൽ ലഭിച്ചത്.

ഉടൻ രഹ്ന മുജീബിന്റെ നമ്പറിൽ വിളിച്ചു. പക്ഷേ കോൾ കിട്ടിയില്ല. ചിത്രം അയച്ച നമ്പറിലേക്കു വിളിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോൾ ‘തലയിൽ നാലഞ്ച് തുന്നലിടാനുള്ള മുറിവല്ലാതെ മറ്റു കുഴപ്പങ്ങളൊന്നുമില്ല’ എന്നായിരുന്നു മറുപടി. ഫോൺ എടുത്തയാൾ പേര് പറഞ്ഞില്ല. മുജീബ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നു മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. വിവരമൊന്നുമില്ലാതായതോടെ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീണ്ടും അതേ നമ്പറിലേക്കു വിളിച്ചു.
മുജീബിനെ കൂടെത്താമസിപ്പിച്ചിട്ടു കാര്യമില്ലെന്നും രാവിലെ വിട്ടയച്ചു എന്നുമായിരുന്നു മറുപടി.
ഒരു മണിക്കൂർ കഴിഞ്ഞ് പൊലീസാണു മുജീബിന്റെ മരണം വിളിച്ചറിയിച്ചത്. പിന്നീട് പല തവണ വിളിച്ചിട്ടും അജ്ഞാതൻ ഫോൺ എടുത്തില്ല. നമ്പർ പൊലീസിനു കൈമാറിയതോടെയാണ് കേസിലെ കൂടുതൽ വിവരങ്ങൾ തെളിഞ്ഞത്.
മർദ്ദനമേറ്റാണ് മുജീബ് മരിച്ചതെന്നാണ് സൂചനകൾ. മമ്പാട് ടൗൺ മധ്യത്തിലെ ടെക്‌സ്‌റ്റൈൽസ് ഷോപ്പിന്റെ ഒന്നാം നിലയിലെ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കടയുടമയുടെ ബന്ധുവാണു സംഭവം പൊലീസിൽ വിളിച്ചറിയിച്ചത്. ഗോഡൗണിൽ ഒരാൾ തൂങ്ങി മരിച്ചുവെന്നാണ് ഇയാൾ അറിയിച്ചത്.
ഇൻസ്‌പെക്ടർ പി.വിഷ്ണുവും സംഘവും പൊലീസ് സ്ഥലത്തെത്തി ഷട്ടര്‍ തുറന്നെങ്കിലും ആദ്യം മൃതദേഹം കണ്ടില്ല.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അകത്തെ മുറിയിൽ വസ്ത്രങ്ങളിട്ടു മൂടിയ നിലയിൽ നിലത്തുകിടന്ന മൃതദേഹം കണ്ടെത്തി. വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് കയർ സമീപത്തുണ്ടായിരുന്നു. കഴുത്തിൽ കയർ മുറുകിയതിനു സമാനമായ അടയാളവും ദേഹത്ത് മർദനമേറ്റ ക്ഷതങ്ങളുമുണ്ടായിരുന്നു.
ടെക്‌സ്‌റ്റൈൽസ് ഉടമയ്ക്ക് പങ്കാളിത്തമുള്ള ഹാർഡ് വെയർ സ്ഥാപനത്തിൽ നിന്നു വെൽഡിങ് സാമഗ്രികൾ വാങ്ങിയ വകയിൽ മുജീബ് 1.5 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ടു മുജീബിനു മർദനമേറ്റോ എന്ന് പൊലീസ് അന്വേഷിക്കുന്നു. മുജീബിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നും കയർ അറുത്തു നിലത്തു കിടത്തിയെന്നുമാണു കെട്ടിട ഉടമയുടെ മൊഴി. സ്ഥലത്തെത്തിയ ഫൊറൻസിക് വിദഗ്ദ്ധ ഡോ. മിനിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, ഡിവൈഎസ്‌പിമാരായ സാജു കെ.ഏബ്രഹാം, പി.എം. ബിജു എന്നിവർ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: