NEWS

തലതിരിഞ്ഞ കേന്ദ്രനയം; രാജ്യം കത്തുന്നു

പട്ടാളക്കാരോടുപോലും ബിജെപിയുടെ സമീപനം ഇങ്ങനെയെങ്കിൽ മറ്റുള്ളവരോട് എങ്ങനെ?
ന്യൂഡൽഹി: സൈന്യത്തിന്റെ തന്നെ മനോവീര്യം തകർക്കുന്ന തലതിരിഞ്ഞ കേന്ദ്രനയം കാരണം രാജ്യം കത്തുന്നു.പെൻഷൻ ലാഭിക്കാൻ നാലു വർഷത്തേക്ക് മാത്രം സൈനികരെ നിയമിക്കുന്ന അഗ്നിപഥിനെതിരെയാണ് രാജ്യത്ത് പ്രക്ഷോഭം കനക്കുന്നത്.
  “നാല് വര്‍ഷത്തേക്ക് അഗ്നിപഥ് പദ്ധതിയില്‍ അഗ്നിവീര്‍ ആയി 45,000 പേരെ നിയമിക്കും… സൈനിക റിക്രൂട്ട്‌മെന്റില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍…”
ഇത്തരത്തിൽ ആയിരുന്നു ആദ്യം അഗ്‌നിപഥിനെക്കുറിച്ച് വന്ന തലക്കെട്ടുകൾ.അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം സൈന്യത്തിനും തൊഴിലില്ലാത്ത യുവാക്കൾക്കും എന്തോ മെച്ചം കിട്ടുന്ന കാര്യം ചെയ്യുന്നു എന്ന മട്ടിലാണ് പ്രധാനമന്ത്രി വിഷയം അവതരിപ്പിച്ചത്.പക്ഷെ  നാല് വർഷം കഴിയുമ്പോൾ ജോലിയില്ലാത്ത അഗ്നിവീരന്മാർ നമ്മുടെ നാട്ടിലുണ്ടാകും എന്ന സത്യം പെട്ടെന്ന് മറ നീക്കി പുറത്ത് വന്നതോടെ രാജ്യം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.
അടുത്ത ഒന്നരവർഷം കൊണ്ട് പത്തുലക്ഷം സർക്കാർ ജോലി എന്ന വാഗ്ദാനം മോദിയുടെ തട്ടിപ്പാണ് എന്ന് ഒരിക്കൽ കൂടി ഇതുവഴി തെളിയിക്കുകയാണ്.പത്തു ലക്ഷത്തിലേറെ ഒഴിവുകൾ ഉള്ളപ്പോൾ അവയിൽ നിയമനം നടത്താതെ കരാർ – താല്ക്കാലിക നിയമനങ്ങൾ നടത്താനാണ് സർക്കാർ നീക്കം.രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കുവാൻ തയ്യാറാകുന്ന യുവാക്കൾക്ക്‌ പെൻഷൻ പോലും കൊടുക്കില്ല എന്ന കേന്ദ്ര സർക്കാർ നിലപാട്‌ അത്യന്തം പ്രതിഷേധാർഹം തന്നെയാണ്.
സൈനിക സേനയിൽ നാലുലക്ഷം ഒഴിവുകളാണു നികത്താതെ കിടക്കുന്നത്.ആ ഒഴിവുകളിൽ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു തൊഴിൽ അന്വേഷകരെ ഞെട്ടിച്ചുകൊണ്ട് നാലു വർഷത്തേയ്ക്ക് താൽക്കാലിക സൈനിക സേവനത്തിന് മാത്രമുള്ളതാണ് “അഗ്നിപഥ്”എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ വടക്കേ ഇന്ത്യ കത്തുകയാണ്. തൊഴിൽ സുരക്ഷിതത്വം എന്ന പരിരക്ഷ പോലുമില്ലാതെ പരമമായ ത്യാഗത്തിന് തയ്യാറാവാൻ നമ്മുടെ യുവാക്കളോട് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി രാജ്യസുരക്ഷയെക്കുറിച്ച് പോലും ചിന്തിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.
ഒരു പ്രൊഫഷണൽ സേനയെ നാല് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനം കൊണ്ട് വളർത്തിയെടുക്കാനാവില്ല എന്ന് എല്ലാവർക്കും അറിയാം.ഇത് ഒരു രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കും.പെൻഷൻ ഒഴിവാക്കാനുള്ള ഒരു ഏർപ്പാട് മാത്രമാണ് ഇത്.ഇത് സേനയുടെ കാര്യക്ഷമതയേയും ഗുണനിലവാരത്തെയും ബാധിക്കും. യുവ ആർഎസ്എസുകാരെ സർക്കാർ ചിലവിൽ അർദ്ധ സൈനികസേനയായി  സംഘടിപ്പിക്കാനുള്ള  കുറുക്കുവഴിയായി കാണുന്നവരും ഉണ്ട്.നിർബന്ധിത സൈനിക സേവനം നടപ്പാക്കാനുള്ള  പരിപാടിയുടെ തുടക്കമാണ് ഇതെന്ന് സംശയിക്കുന്നവരുമുണ്ട്. സംഘപരിവാർ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ഒന്നാണ് നിർബന്ധിത സൈനിക സേവനം.
 നിർബന്ധിത താൽക്കാലിക സൈനിക സേവനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനും ഇതുവഴി ആർഎസ്എസിനു കഴിയും.ഇന്ന് ചില സർക്കാർ റിക്രൂട്ട്മെന്റുകളിൽ താൽക്കാലിക കരാർ പട്ടാളക്കാർക്ക് മുൻഗണന നൽകുമെന്നു പറയുന്നത് നാളെ എല്ലാ സർക്കാർ ഉദ്യോഗങ്ങൾക്കും ബാധകമാക്കാം. രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് സംഘപരിവാർ മുന്നോട്ട് വെക്കുന്ന വലിയൊരു പദ്ധതിയാണ് അഗ്നിപഥ്‌ എന്ന ഉൽകണ്ഠ പല കോണുകളിലും ഉയരുന്നുണ്ട്.
സേനയിലെ റെജിമെന്റുകൾ ഇന്ത്യയുടെ വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്നു.ഹ്രസ്വ സർവീസുകൾ ഇതിനു വിഘാതം സൃഷ്ടിക്കും.സമൂഹത്തെ മിലിട്ടറൈസ് ചെയ്യാനും ഇത് വഴി വെച്ചേക്കുമെന്ന ഉൽകണ്ഠയും പ്രസക്തമാണ്.
അഗ്നിപഥ്:  കേവലം പെൻഷൻ ലാഭിക്കുന്നതിന്റെയോ സാങ്കേതികശേഷി വർധിപ്പിക്കുന്നതിന്റെയോ വിഷയമല്ല. പ്രക്ഷോഭത്തിൽ നിറഞ്ഞു നിൽക്കുന്നത് രൂക്ഷമായ തൊഴിലില്ലായ്മയുടെ പ്രതിസന്ധിയാണെന്നത് സത്യം. എന്നാൽ സൈന്യത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുകയും ഹ്രസ്വ സൈനിക സേവനക്കാർ തുടർച്ചയായി സമൂഹത്തിലേക്ക് മടങ്ങി വരുമ്പോൾ അത് സമൂഹത്തിന്റെ മിലിന്ററൈസേഷന് വഴിവെക്കുമെന്നുമുള്ള ആശങ്കയും ശക്തമാണ്.
ഇന്ത്യൻ സേനകൾ എക്കാലത്തും രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നവരാണ്. ഈ ഉദാത്തമായ സംസ്കാരവും സേനാ റെജിമെന്റുകളുടെ വൈവിധ്യങ്ങളുമൊക്കെ  പുതിയ പരിഷ്കാരത്തിൽ അപകടത്തിലാകുമെന്ന ആശങ്കയും ഇതോടൊപ്പം ഉയർന്നിരിക്കുകയാണ്.അതോടൊപ്പം ബിജെപിയുടെ രാജ്യസ്നേഹവും മറനീക്കി പുറത്തുവരുന്നുണ്ട്.രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച പട്ടാളക്കാരുടെ ശവത്തിനുപോലും വിലയിട്ട പഴയ ‘ ശവപ്പെട്ടി കുംഭകോണവും’ ആരും മറന്നിട്ടുണ്ടാകാൻ വഴിയില്ല.

Back to top button
error: