കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിനിരയായി അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം വരെ കാക്കാനാണ് ഹൈക്കോടതി നിര്‍ദേശം. വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വിചാരണ തുടങ്ങിയതിന് ശേഷം സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികള്‍ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഫലപ്രദമായ രീതിയില്‍ വാദം നടത്താന്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രന് കഴിയുന്നില്ലെന്ന ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരിയും അമ്മയുമാണ് മണ്ണാര്‍ക്കാട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ മാറ്റാന്‍ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കില്‍ പരാതിക്കാര്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളയത്.
വിചാരണക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കത്ത് അയയ്ക്കുകയായിരുന്നു. കേസില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി രാജേന്ദ്രന് വിചാരണയില്‍ പരിചയക്കുറവുണ്ട്. രണ്ട് സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമായിരുന്നു കത്തിലെ ആരോപണം.
സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ച് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്നും മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടു എന്ന് മജിസ്‌ട്രേറ്റിന് മുമ്പില്‍ നേരത്തെ മൊഴി നല്‍കിയ പത്താം സാക്ഷി ഉണ്ണിക്കൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് കൂറുമാറിയത്. പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യമൊഴിയെന്ന് ഇരുവരും കോടതിയില്‍ തിരുത്തി പറയുകയായിരുന്നു.