ഒരു കാലത്ത് സിറിയയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്ന റഖയയ്ക്ക് അടുത്തുള്ള ആള്‍പ്പാര്‍പ്പ് കുറഞ്ഞ ഗ്രാമത്തില്‍ അമേരിക്കന്‍ സംയുക്ത സൈനിക കമാന്‍ഡോകള്‍ നടത്തിയ മിന്നല്‍ ഓപ്പറേഷനില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉന്നത നേതാവ് പിടിയില്‍. യു എസും കുര്‍ദ് സൈനികരും സംയുക്തമായി നടത്തിയ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഐ എസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹാനി അഹമ്മദ് അല്‍ കുര്‍ദിയെയാണ് പിടികൂടിയതെന്ന് സംയുക്ത സൈന്യം അറിയിച്ചു. ഇയാള്‍ ഇവിടെ ഐ എസിന്റെ ഗവര്‍ണറായി പ്രവര്‍ത്തിച്ചിരുന്നതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരു വീട്ടിലാണ് യുഎസ് കമാന്‍ഡോകള്‍ ആക്രമണം നടത്തിയത്. രണ്ടു നില വീട്ടില്‍ ഭാര്യയും മക്കളുമായി താമസിക്കുകയായിരുന്നു ഇയാളെന്ന് സൈന്യം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഹെലികോപ്റ്ററില്‍ എത്തിയ യു എസ് കമാന്‍ഡോകള്‍ കയറേണിയിലൂടെ താഴെയിറങ്ങി ആക്രമണം നടത്തുകയായിരുന്നു. വീട്ടിലുള്ളവരുമായി പത്ത് മിനിറ്റ് നേരം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. തുടര്‍ന്ന് ഈ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹാനി അഹമ്മദ് അല്‍ കുര്‍ദിയെ ജീവനോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കം പരിക്കില്ലെന്നും സംയുക്ത സൈന്യത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
എന്നാല്‍, സൈനികര്‍ എത്തിയ ഹെലികോപ്റ്ററുകളിലൊന്നിന് പറക്കുന്നതിനിടെ കേടുപാടുകള്‍ സംഭവിക്കുകയും അടിയന്തിരമായി താഴെയിറക്കിയപ്പോള്‍ ഹെലികോപ്റ്റര്‍ കത്തിപ്പോവുകയും ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കത്തിയ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണം നടന്ന വീടിനടുത്തുള്ള പാടത്ത് കെട്ടിയിട്ട നിലയില്‍ ഒരു സ്ത്രീയെയും കുട്ടികളെയും കണ്ടെത്തിയതായി ഗ്രാമീണരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഈ വീട്ടില്‍ ജീവിച്ചിരുന്നതാണെന്നും ഗ്രാമീണര്‍ പറഞ്ഞു.
തകര്‍ന്നടിഞ്ഞ ഐ എസിന് പുതുജീവന്‍ നല്‍കാന്‍ കിണഞ്ഞു പരി്രശമിക്കുകയായിരുന്ന ഹാനി അഹമ്മദ് അല്‍ കുര്‍ദി ബോംബുനിര്‍മ്മാണ വിദഗ്ധനാണെന്ന് സൈന്യം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഇയാള്‍ സിറിയയിലെ ഐ എസ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന ഭീകരനാണെന്നും വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി. ”സംഘനയുടെ ശക്തി കുറഞ്ഞെങ്കിലും ഐസിസ് ഇപ്പോഴും ഒരു ഭീഷണിയായി തുടരുകയാണ്. അതിന്റെ തോല്‍വി കണ്ടിട്ടേ ഞങ്ങള്‍ അടങ്ങൂ”-യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ജനറല്‍ എറിക് കുറില പറഞ്ഞു.
യുഎസ് സംയുക്ത സേന അടുത്തിടെ സിറിയയില്‍ നടത്തിയ ബുദ്ധിമുട്ടേറിയ ഓപ്പറേഷനുകളില്‍ ഒന്നായിരുന്നു ഇതെന്ന് സൈന്യം വ്യക്തമാക്കി. മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തോടെയാണ് ഈ ഓപ്പറേഷന്‍ നടന്നത്. ഓപ്പറേഷനില്‍ സിവിലിയന്മാര്‍ക്കോ, സഖ്യസേനയിലെ ആളുകള്‍ക്കോ പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും സഖ്യസേന അറിയിച്ചു.
2019-ലാണ് സിറിയയില്‍ ഐസ് യു എസും സംയുക്ത സൈന്യവും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പരാജയപ്പെടുന്നത്. കുര്‍ദ് വംശജരുടെ മുന്‍കൈയിലുള്ള സിറിയന്‍ ഡിഫന്‍സ് ഫോഴ്സിന്റെ മുന്‍കൈയില്‍ നടന്ന യുദ്ധത്തില്‍ ഐ എസ് തകര്‍ന്നടിയുകയായിരുന്നു. നിരവധി ഐ എസ് ഭീകരര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ പിടിയിലായി. ഇവരുടെ ഭാര്യമാരെയും കുട്ടികളെയും വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഐ എസ് തലവനായ അബൂബക്കര്‍ അല്‍-ബാഗ്ദാദി 2019 ഒക്ടോബറില്‍ തുര്‍ക്കി അതിര്‍ത്തിക്കടുത്ത് എലൈറ്റ് ഡെല്‍റ്റ ഫോഴ്സ് നടത്തിയ ആക്രമണത്തിനിടെ സ്വയം ജീവന്‍ വെടിഞ്ഞു. ഇയാളുടെ പിന്‍ഗാമിയായ അബു ഇബ്രാഹിം അല്‍-ഹഷിമി അല്‍-ഖുറൈഷി ഈ വര്‍ഷം ഫെബ്രുവരിയില്‍ സമാനമായ ആക്രമണത്തിനിടെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ പൂര്‍ണ പരാജയം കാണുന്നത് വരെ സിറിയയില്‍ ഓപ്പറേഷന്‍ തുടരുമെന്ന് യു എസ് സേന വ്യക്തമാക്കി.