ലഖ്നൗ: ലൈംഗിക പീഡനം, ഗാര്‍ഹികപീഡനം തുടങ്ങിയ പരാതികളില്‍ പോലീസില്‍ പരാതി നല്‍കുമ്പോള്‍ അനാവശ്യ വിവരങ്ങള്‍ ചേര്‍ക്കുന്നത് അഭികാമ്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. എഫ്ഐആറില്‍ അനാവശ്യ വിവരങ്ങള്‍ വേണ്ടെന്നും ഇത് ‘അശ്ലീല സാഹിത്യ’മല്ലെന്നും ജസ്റ്റിസ് ചതുര്‍വേദി വ്യക്തമാക്കി.
498 എ വകുപ്പിന്റെ വ്യാപക ദുരുപയോഗം തുടര്‍ന്നാല്‍, വിവാഹം എന്ന സ്ഥാപനത്തിന്റെ പാരമ്പര്യം തകര്‍ക്കപ്പെടുമെന്നും ജസ്റ്റിസ് ചതുര്‍വേദി അഭിപ്രായപ്പെട്ടു. ഗാര്‍ഹികപീഡന കേസുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, ഇത്തരം കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ (കൂളിങ് പീരിഡ്) അറസ്റ്റ് പാടില്ല.
ഇക്കാലയളവിനുള്ളില്‍ വിഷയം കുടുംബക്ഷേമ സമിതിക്ക് വിടണമെന്നും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഗാര്‍ഹികപീഡന കേസിലെ വിടുതല്‍ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി ഈ നിരീക്ഷണം നടത്തിയത്.
സ്ത്രീക്ക് ശാരീരികമായി പരിക്കേല്‍ക്കാത്തതും 10 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്നതുമായ കേസുകള്‍ മാത്രമേ കുടുംബക്ഷേമ കമ്മറ്റിക്ക് വിടാവൂ എന്നും കോടതി വ്യക്തമാക്കി.