ദോഹ: ദോഹ ടോര്‍ച്ച് ടവറിന് ഇനി ലോകറെക്കോഡിന്‍െ്‌റ തലപ്പൊക്കവും. ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീനെന്ന ഗിന്നസ് റെക്കോര്‍ഡാണ് ദോഹ ടോര്‍ച്ച് ടവര്‍ സ്വന്തമാക്കിയത്. ഖത്തര്‍ ടോര്‍ച്ച് ബില്‍ഡിങിന് ചുറ്റുമായി സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌ക്രീനിന് 11,345 ചതുരശ്ര മീറ്റര്‍ (112,116 ചതുരശ്ര അടിയിലധികം) വിസ്തീര്‍ണമാണുള്ളത്.
ആസ്‌പെയര്‍ ടവര്‍ എന്നും അറിയപ്പെടുത്ത ദോഹ ടോര്‍ച്ച് ടവറിന് 298 മീറ്റര്‍ (980 അടി) ഉയരമാണുള്ളത്. 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യന്ന ടോര്‍ച്ച് ദോഹയില്‍ നിന്ന് ദോഹ നഗരത്തിന്റെ മനോഹരവും വിശാലവുമായ 360 ഡിഗ്രി കാഴ്ചയും സാധ്യമാവും.
ലോകത്തിലെ ഏറ്റവും വലിയ എക്‌സ്റ്റേണല്‍ 360 ഡിഗ്രി സ്‌ക്രീനിനുള്ള ഗിന്നസ് പുരസ്‌കാരം ആസ്‌പെയര്‍ സോണ്‍ സിഇഒ മുഹമ്മദ് ഖലീഫ അല്‍ സുവൈദി ഗിന്നസ് അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങി. ഖത്തറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന 2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെയും മെസ്സി, നെയ്മര്‍, ബെക്കാം എന്നിവരുടെയും ചില വീഡിയോ ദൃശ്യങ്ങളാണ് പ്രകാശന ചടങ്ങില്‍ 360 ഡിഗ്രി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്.
കൂടാതെ കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും പകാശന ചടങ്ങില്‍ ദൃശ്യവിരുന്നൊരുക്കി. കഴിഞ്ഞ ദിവസമായിരുന്നു ഈ സ്‌ക്രീനിന്റെ പ്രകാശന ചടങ്ങ്. ജൂണ്‍ ആറിനായിരുന്നു പ്രകാശന ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.