NEWS

മലയാളിയുടെ സ്വന്തം പാച്ചിക്ക

പുതുമുഖങ്ങളെ വെച്ച് നിർമിക്കുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ ഇന്റർവ്യൂ നടത്തുന്നതിനിടെ വെട്ടാത്ത മുടിയും , ചെരിഞ്ഞ തോളും, മുഖം നിറയെ കറുത്ത പാടുകളും ആയി കടന്നു വന്ന ഒരു ചെറുപ്പക്കാരന് ഇന്റർവ്യൂ ബോർഡിലെ എല്ലാവരും നൂറിൽ പത്തിൽ താഴെ മാർക്ക് കൊടുത്തപ്പോൾ , അയാളിലെ നടനിലെ തീപ്പൊരി തിരിച്ചറിഞ്ഞു അയാൾക്ക്‌ നൂറിൽ 93 മാർക്ക് കൊടുത്ത് മോഹൻലാൽ വിശ്വനാഥൻ എന്ന ചെറുപ്പക്കാരനെ സിനിമയിലേക്ക് കൊണ്ട് വന്നയാളിനും ………
മലയാളി മിമിക്രി എന്ന പേര് കേട്ടിട്ട് കൂടി ഇല്ലാത്ത ഒരു കാലത്തു SD കോളേജ് ആലപ്പുഴയുടെ സ്റ്റേജുകളിൽ “മുഖം ” എന്ന പേരിൽ പ്രേം നസീറിനെയും , സത്യനെയും , ശിവാജി ഗണേശനെയും അനുകരിച്ചു കയ്യടി നേടിക്കൊണ്ടിരുന്ന കലാകാരനും ……….
സൂപ്പർസ്റ്റാറുകളുടെ സിനിമകൾ മാത്രം ബോക്സ് ഓഫീസ് ഹിറ്റുകൾ ആയിരുന്ന 80 കളിൽ പുതിയ നടന്മാരെയും ടെക്‌നീഷ്യൻ മാരെയും സംഗീത സംവിധായകനെയും കൊണ്ട് വന്നു സൂപ്പർഹിറ്റാക്കി ചരിത്രം സൃഷ്‌ടിച്ച വ്യക്തിക്കും ……
 നാദിയ മൊയ്‌ദുവിനെയും ,ബേബി ശാലിനിയെയും , കുഞ്ചാക്കോ ബോബനെയും , നഗ്മയെയും , ഖുശ്ബുവിനെയും , ഫഹദിനെയും സിൽവേർസ്ക്രീനിലേക്കു കൈപിടിച്ച് കയറ്റിയ മനുഷ്യനും ……
 ഒരുപാട് പ്രതീക്ഷയോടു കൂടെ സൃഷ്ടിച്ചു എല്ലായിടത്തും നിന്നും നല്ല അഭിപ്രായം കേട്ടിട്ടും “എന്നെന്നും കണ്ണേട്ടന്റെ ” എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടത് കണ്ടു നിരാശ പൂണ്ടു നിന്ന നിര്മാതാവിനോട് , ” പേടിക്കേണ്ട ഇതിൽ ഒരല്പം അഴിച്ചു പണി നടത്തി നമുക്കിത് തമിഴിൽ ചെയ്യാം ” എന്ന് പറഞ്ഞു തമിഴിൽ ചെയ്തു  ബ്ലോക്ക് ബസ്റ്റർ ആക്കി നിർമാതാവിനെ നിരാശയിൽ നിന്നും മുക്തൻ ആക്കിയ ആൾക്കും …….
1994 ഇൽ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിന്റെ പരാജയം നേരിട്ട നേരത്തു ” നിങ്ങളുടെ ശൈലിയിൽ ഉള്ള ഇമ്മാതിരി ചിത്രങ്ങൾ ഇനി ഓടില്ല , ഒരു യുഗം ഇവിടെ അവസാനിക്കുക ആണ് ” എന്ന് പറഞ്ഞൂ എഴുതി തള്ളിയവരുടെ മുന്നിലേക്ക് 1997 ഇൽ മൂന്നു വര്ഷം കൊണ്ട് എഴുതി തയ്യാറാക്കിയ തിരക്കഥയും പുതു മുഖങ്ങളെയും കൊണ്ട് അന്നോളം ഉള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും  തിരുത്തി കുറിച്ച് അനിയത്തിപ്രാവുമായി കടന്നു വന്ന ആലപ്പുഴ കാരനും …….
ഷൂട്ടിംഗ് സൈറ്റ്സിൽ തന്റെ അസ്സോസിയേറ്റസിനെ ചീത്ത പറഞ്ഞ നിർമാതാവിനെ നോക്കി ” നിങ്ങള്ക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ എന്നോട് പറയുക , എന്റെ പിള്ളേരോട് അല്ല പറയേണ്ടത് ” എന്ന് പറഞ്ഞു കൂടെ ഉള്ളവരോടുള്ള  തന്റെ നിലപാട് വ്യക്തമാക്കിയ മനുഷ്യനും …….
തന്റെ കൂടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്നവർ ” ഇക്ക ഒരു നല്ല തീം ഉണ്ട് , തിരക്കഥ പൂർത്തിയായിട്ടുണ്ട് , ഒരു നിർമാതാവിനെ കിട്ടുന്നില്ല , ആരെയെങ്കിലും ഒന്ന് മുട്ടിച്ചു തരാമോ ?” എന്ന ചോദ്യത്തിന് ”  നിന്റെ ആദ്യ ചിത്രം ഞാൻ നിർമിക്കാമെടാ എന്നും മറുപടി പറഞ്ഞു രാംജി റാവു സ്പെയ്ക്കിങിലൂടെ സിദ്ധിഖ് -ലാലിനെയും , സുന്ദരാകില്ലാഡിയിലൂടെ മുരളി  കൃഷ്ണനെയും  വെള്ളിത്തിരയിലെക്കു വലിച്ചു കയറ്റി  സംവിധായക കസേര വലിച്ചിട്ടു കൊടുത്ത ആൾക്കും ……
 താരമൂല്യമുള്ള നായകരുടെ ചിത്രങ്ങൾ മാത്രം തീയറ്ററിൽ ആളെ നിറച്ചിരുന്ന ഒരു കാലത്തു ഒരു മൂന്ന് വയസ്സുകാരി പെങ്കൊച്ചിനെയും ഭാരത് ഗോപി എന്ന കലാകാരനേയും കൊണ്ട് അക്കാലത്തെ ഇൻഡസ്ടറി ഹിറ്റ് അടിപിച്ച സംവിധായകനും ……
 മമ്മൂട്ടിയുടേം ലാലിന്റെയും ആരാധകരെ ഒരു പോലെ തൃപ്തിപ്പെടുത്താൻ ആയി അവരൊരുമിച്ച തന്റെ ചിത്രത്തിന്റെ അവസാനം ഇരട്ട ക്‌ളൈമാക്‌സ് സൃഷ്‌ടിച്ച ബുദ്ധികൂര്മത വിരിഞ്ഞ തലയുടെ ഉടമസ്ഥനും …….
 എല്ലാം ഒറ്റ പേര്‌ ആയിരുന്നു…..
 ഫാസിൽ എന്ന പാച്ചിക്ക !
പരലോകത്തിലേക്കു തന്റെ മകനെ കൊണ്ട് പോകാൻ ആയി വരുമ്പോൾ അവന്റെ പപ്പയുടെ സങ്കടം കണ്ടു സഹിക്കാനാകാതെ മകനെ പപ്പയെ ഏല്പിച്ചു മടങ്ങിയ മമ്മിയുടെ കഥ പറഞ്ഞ പപ്പയുടെ സ്വന്തം അപ്പൂസ് ..
“ദേ അതാണ് എന്റെ ‘അമ്മ , ഇതാണ് എന്റെ അച്ഛൻ ഇനി എന്നെ സ്വീകരിക്കാമോ “എന്നും പറഞ്ഞു ഒരു മരണ വീട്ടിൽ നിന്നു കരയുന്ന,  സ്വന്തം അമ്മയെ തേടി വന്ന , തല തെറിച്ച മായാവിനോദിനിയുടെ കഥ പറഞ്ഞ സൂര്യപുത്രിക്ക് …..
താൻ പ്രാണനായി സ്നേഹിച്ച വിനയേട്ടനോടൊപ്പം ആ മണപ്പുറത്തു ആയിരം ശിവരാത്രികൾ കാണാൻ ആഗ്രഹിച്ച നെറ്റിയിൽ പൂവുള്ള പക്ഷിയുടെ കഥ പറഞ്ഞ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ….
മരിക്കുന്നതിന് മുൻപുള്ള കുറച്ചു ദിവസങ്ങൾ ഒന്ന് ” ജീവിക്കുവാൻ ആയി ” അമ്മമ്മയുടെ വീട്ടിൽ വിരുന്നു വന്ന ഗേളി യുടെയും അവളുടെ കുസൃതിയുടെയും , പ്രണയത്തിന്റെയും  കഥ പറഞ്ഞ നോക്കെത്താ ദൂരത്തു ……
ഒരു റെയിൽവേ പാലത്തിൽ നഷ്ടപെട്ട പ്രണയവുമായി വിതുമ്പുന്ന കണ്ണന്റെയും , ഹൃദയം കൊണ്ട് എന്നെന്നും കണ്ണേട്ടന്റെ തായി ജീവിക്കുന്ന രാധികയുടെയും കൗമാരപ്രണയത്തിന്റെയും കഥ പറഞ്ഞ എന്നെന്നും കണ്ണേട്ടന്റെ …….
കൊലപാതകത്തിന് സാക്ഷിയായ സംസാരിക്കാൻ വയ്യാത്ത ഒരു കുഞ്ഞു കുട്ടിയുടെ പിറകെ നടക്കുന്ന കൊലയാളിയുടെ പിറകെ പ്രേക്ഷകരെ മൊത്തം നടത്തിയ പൂവിനു പുതിയ പൂന്തെന്നൽ ….
തന്റെ കൂട്ടുകാരന്റെ പ്രാണന്റെ പാതിയായവളെ ഒരാപത്തിൽ നിന്നും കര കയറ്റാനായി ഒരു മനോരോഗ ചികിത്സകനും നടന്നിട്ടില്ലാത്ത വഴികളിലൂടെ എല്ലാം ഒരു ഭ്രാന്തനെ പോലെ നടന്ന ഡോക്ടർ സണ്ണിയുടെയും അയാളുടെ സുഹൃത്ത് നകുലന്റെയും ഭാര്യ  ഗംഗയുടെയും കഥ പറഞ്ഞ മലയാളം കണ്ട ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നായ…
മലയാളി പ്രേക്ഷകർ
കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നു
മിഴി രണ്ടും നീട്ടുന്ന നേരം
ഹൃദയത്തിൽ നിറയെ തളിര്‍ക്കുന്ന…
 പൂക്കുന്ന…
കായ്ക്കുന്ന…
കനവിന്റെ തേന്മാവിന്‍ കൊമ്പ് ആയ സിനിമ..
 മണിച്ചിത്രത്താഴ് !
തുടങ്ങി എത്ര എത്ര മനോഹരമായ സിനിമകൾ !
 പരാജയത്തിന്റെ ചെറു കാറ്റിൽ അണഞ്ഞു പോകുന്നതല്ലലോ
 പ്രതിഭയുടെ തീജ്വാല …….!!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: