കൊച്ചി: കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയതിന് പോലീസ് തടഞ്ഞതില്‍ പ്രതിഷേധവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെയാണ് സംഭവം. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. ഇതിനിടെ കലൂര്‍ മെട്രോ സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്ന രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് വനിതാ പോലീസുകാര്‍ എത്തി തടഞ്ഞത്.
എവിടേക്ക് പോകുകയാണെന്ന് ചോദിച്ച പോലീസുകാര്‍ മെട്രോ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി എത്തുന്നെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് ചോദിക്കുന്നു.
പിണറായി വിജയന്‍ എറണാകുളത്ത് വരുന്നു എന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് ജീവിക്കേണ്ടേ, ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അത് ചോദ്യം ചെയ്യാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും അവര്‍ പറഞ്ഞു. പോലീസ് ഇവരെ പിന്തുടര്‍ന്ന് വിവരം ചോദിച്ചതിലെ പ്രതിഷേധം വൈകാരികമായതോടെ ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കി.