ബംഗളൂരു:കർണാടകയിലെ ബൊമ്മസന്ദ്രയില്‍ നിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ നിർമ്മിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുമതി നൽകി.ബംഗളൂരു-ഹൊസൂർ യാത്രാദൈര് ഘ്യം പകുതിയില്‍ താഴെയാക്കുന്ന തമിഴ്നാട് സർക്കാരിന്റെ ‘നമ്മ മെട്രോ’ പാത നിര്‍ദേശത്തിനാണ് തത്വത്തില്‍ അനുമതി.
ബൊമ്മസന്ദ്രയില്‍ നിന്ന് ഹൊസൂര്‍ വരെ 20.5 കിലോമീറ്റര്‍ ആണ് പുതിയ പാത. ഇലക്‌ട്രോണിക് സിറ്റി വഴിയാണ് ലൈന്‍ കടന്നുപോകുക. ഇതില്‍ 11.7 കിലോമീറ്റര്‍ കര്‍ണാടക പരിധിയിലാണ്. നമ്മ മെട്രോ ആര്‍വി റോഡ്- ബൊമ്മസന്ദ്ര ലൈന്‍ (റീച്ച്-5) തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് നീട്ടുക.
പാതയുടെ സാധ്യതാപഠനം തമിഴ്നാട് സര്‍ക്കാര്‍ നടത്തണമെന്ന വ്യവസ്ഥയിലാണു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അംഗീകാരം നല്‍കിയതെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി) എംഡി അഞ്ജും പര്‍വേസ് കേന്ദ്ര നഗരകാര്യ സെക്രട്ടറിയെ അറിയിച്ചു. സംസ്ഥാന അതിര്‍ത്തി കടന്ന് പാത നിര്‍മിക്കുന്നതിന് 2017ല്‍ രൂപം നല്‍കിയ മെട്രോ റെയില്‍ നയം അനുവദിക്കുന്നുണ്ട്.
തമിഴ്നാട് കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂരിലേക്ക് മെട്രോ ഓടിയാല്‍ ബെംഗളൂരുവില്‍ നിന്ന് ഇവിടേയ്ക്കുള്ള യാത്രാ സമയം പകുതിയില്‍ താഴെയാകും. വ്യവസായ മേഖലയായ ഹൊസൂരിലെ കമ്ബനികളിലും ഫാക്ടറികളിലും ജോലി ചെയ്യാനായി ഒട്ടേറെ പേര്‍ പ്രതിദിനം അതിര്‍ത്തി കടന്നു പോയിവരുന്നുണ്ട്. ബെംഗളൂരുവില്‍ ജോലി ചെയ്യാനായി ഹൊസൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്നവരും ഏറെയാണ്. ആര്‍വി റോഡ്- ബൊമ്മസന്ദ്ര നമ്മ മെട്രോ പാത നിര്‍മാണം 2024ല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.