CrimeNEWS

സമാധാനത്തിന് കോട്ടം വരുത്തി; പ്രവാചക നിന്ദയിൽ നൂപുർ ശർമ്മക്കെതിരെ പുതിയ കേസെടുത്ത് ദില്ലി സൈബർ പൊലീസ്

ദില്ലി: ചാനൽ ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ മുൻ ബി ജെ പി വക്താവ് നൂപുർ ശർമ്മക്കേതിരെ വീണ്ടും കേസ്. ദില്ലി സൈബർ ക്രൈം പൊലീസാണ് ഇവർക്കെതിരെ പുതിയ കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിച്ചതിനും ആളുകളെ പ്രകോപിപ്പിച്ച് സമാധാനത്തിന് കോട്ടം വരുതിയത്തിനുമാണ് കേസ്. വിദ്വേഷ പരാമർശം നടത്തിയ നവീൻ കുമാർ ജിൻഡലിനെതിരേയും ദില്ലി സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. ശദാബ് ചൗഹാൻ, സാബ നഖ്വി, മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, ഗുൽസാർ അൻസാരി, അനിൽ കുമാർ മീണ എന്നിവരുടെ പേരുകളും എഫ് ഐ ആറിൽ ഉണ്ടെന്നാണ് വാർത്താ ഏജൻസി നൽകുന്ന വിവരം.

അതേസമയം ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങൾക്കുണ്ടായ അതൃപ്തി പരിഹരിക്കാൻ കേന്ദ്ര നീക്കം സജീവമായി. വിഷയത്തിൽ ഗൗരവകരമായി ഇടപെട്ട് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യാഗസ്ഥർക്ക് വിദേശകാര്യ സെക്രട്ടറി സന്ദേശം അയച്ചു. കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കണമെന്ന് സന്ദേശം. ഇന്ത്യക്കെതിരായ നീക്കങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശം നൽകി. അൽഖ്വൈദയുടെ ഭീകരാക്രമണ ഭീഷണിക്ക് പിന്നാലെയാണ് നീക്കം.

നബി വിരുദ്ധ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ഇറാഖ്, ലിബിയ, യുഎഇ, മലേഷ്യ, ഖത്തർ, അടക്കം 15 രാജ്യങ്ങളാണ് പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയത്. ഏറ്റവും ഒടുവിൽ തുർക്കിയാണ് പ്രവാചക വിരുദ്ധ പരാമർശത്തെ അപലപിച്ചത്. അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതിനിടെയാണ് തുർക്കിയും നബി വിരുദ്ധ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്.

Back to top button
error: