KeralaNEWS

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ ശാസിച്ചു, കൊല്ലത്ത് പത്താംക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു

കൊല്ലം: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിൻ്റെ പേരിൽ അമ്മ ശാസിച്ചതിൽ മനംനൊന്ത് കൊല്ലം കോട്ടക്കലില്‍ പത്താംക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു.

കോട്ടക്കൽ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി (15) യാണ് ജീവനൊടുക്കിയത്. അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാര്‍ നേരത്തെ തന്നെ വിലക്കിയിരുന്നു.

ശിവാനിയുടെ മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കുകയും ഫോൺ പിടിച്ചു വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കുട്ടി നിർബന്ധം പിടിച്ചതോടെ വീണ്ടും ഫോൺ നൽകി. കഴിഞ്ഞദിവസം ഫോണിൽ കൂട്ടുകാരുമായി നിരന്തരം സംസാരിക്കുന്നത് അമ്മ വിലക്കി. ഇതിനുശേഷമാണ് ശിവാനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്കു വിട്ടുകൊടുത്തു. വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയ ശേഷമാകും സംസ്കാരം.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം പഠനത്തെ തകര്‍ത്തെന്ന് കത്തെഴുതിവച്ച് നാവായിക്കുളത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥിനി ജീവ കഴിഞ്ഞദിവസം തൂങ്ങിമരിച്ചിരുന്നു.

കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകൾക്ക് മൊബൈല്‍ ഫോണ്‍ കുട്ടികൾക്ക് അത്യാവശ്യമായിരുന്നു. ഇപ്പോള്‍ അതിന്‍റെ ആവശ്യമില്ലാതിരുന്നിട്ടും കുട്ടികൾക്ക് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാൻ കഴിയാത്ത നിലയാണ്. വീട്ടുകാര്‍ മൊബൈല്‍ വിലക്കുന്നത് താങ്ങാനാവാത്ത കുട്ടികൾക്ക് നിലയാണ് പലര്‍ക്കും. ഗയിമുകള്‍മാത്രമല്ല, യു ട്യൂബ് വിഡിയോകളും വില്ലനാണെന്ന് ജീവയുടെ മരണം വെളിവാക്കുന്നു.

Back to top button
error: