IndiaNEWS

കശ്മീര്‍ താഴ് വരയില്‍ കൊലപാതക പരമ്പര, പ്രാണഭീതിയോടെ കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യുന്നു

ശ്രീനഗര്‍: കഴിഞ്ഞ ദിവസമാണ് കശ്മീര്‍ താഴ് വരയില്‍ ഒരധ്യാപിക കൊല്ലപ്പെട്ടത്. കുൽഗാം ജില്ലയിലെ ഗോപാൽപോരയിലെ കാമ്പസിൽ ജമ്മുവിൽ നിന്നുള്ള സ്കൂൾ അധ്യാപിക രജനി ബാല (36)യാണ് വെടിയേറ്റ് മരിച്ചത്. 2011ൽ പട്ടികജാതി ക്വാട്ടയിൽ നിയമനം ലഭിച്ചതിനെ തുടർന്നാണ് ബാല സ്‌കൂളിൽ എത്തിയത്.
കുൽഗാമിലെ മിർഹാമയിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ് ബാലയുടെ ഭർത്താവ് രാജ് കുമാർ. സ്‌കൂളിൽ പോകുന്ന ഒരു മകളുമുണ്ട് ഈ ദമ്പതികൾക്ക്.
കുടിയേറ്റ തൊഴിലാളികൾക്കും കേന്ദ്രഭരണപ്രദേശത്തെ ഹിന്ദുക്കൾക്കും നേരെയുള്ള ആക്രമണം അന്തമില്ലാതെ തുടരുകയാണ്.

ഇതോടെ, പ്രധാനമന്ത്രിയുടെ പ്രത്യേക പുനരധിവാസ പാക്കേജിലൂടെയും പട്ടിക ജാതി ക്വാട്ടയിലൂടെയും ഇവിടേക്ക് എത്തിയിട്ടുള്ള കുടിയേറ്റ പണ്ഡിറ്റ് ജീവനക്കാരെയും ഹിന്ദുക്കളെയും കടുത്ത ഭയം ഗ്രസിച്ചിരിക്കുന്നു.

ഈ വർഷം കശ്മീരിൽ നടന്ന ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ബാലയുടെ കൊലപാതകം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ തീവ്രവാദികളുടെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച ബുദ്ഗാമിലെ വീട്ടിൽ വച്ച് 35 കാരിയായ കലാകാരി അമ്രീൻ ഭട്ട് കൊല്ലപ്പെട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് ബാലയുടെ കൊലപാതകം. അമ്രീൻ ഭട്ടിൻ്റെ 10 വയസ്സുള്ള അനന്തരവന് ആക്രമണത്തിൽ പരിക്കേറ്റു. ടിവി അവതാരക എന്നതിനു പുറമേ, തന്റെ വീഡിയോകളിലൂടെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഭട്ട് ജനപ്രിയയായിരുന്നു.

കൊലപാതക പരമ്പരകളെ തുടർന്ന് കശ്മീർ താഴ്വരയിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി പ്രക്ഷോഭം നടത്തുന്ന കുടിയേറ്റ കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ പ്രതിഷേധ സമരങ്ങൾ ശക്തമായി.
പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ താഴ്‌വരയിൽ നിയോഗിച്ച നൂറുകണക്കിന് കശ്മീരി പണ്ഡിറ്റ് ജീവനക്കാർ ജോലി ബഹിഷ്‌കരിക്കുകയും കശ്മീരിലുടനീളം കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയും ചെയ്യുന്നു.

തങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കണം എന്ന ആവശ്യവുമായി ഇവര്‍ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം നൂറ് കണക്കിന് കശ്മീരി പണ്ഡിറ്റുകളാണ് കുല്‍ഗാമിലെയും ശ്രീനഗറിലെയും ദേശീയ പാതകള്‍ ഉപരോധിച്ചത്. ഇവര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും തങ്ങള്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ കണ്ട് തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ഇവർ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഭീകരത പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അത്രയും കാലം തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത പക്ഷം തങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നു.

ഇവിടം വിട്ടാല്‍ വേതനം തടഞ്ഞ് വയ്ക്കുമെന്ന് അധികൃതര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. താഴ് വരയിലെ ഓഫീസുകളില്‍ ബലം പ്രയോഗിച്ചാണ് ഇവരെ എത്തിക്കുന്നതെന്നും പറയുന്നു. തങ്ങളുടെ ജീവന്‍ ഇത്തരത്തില്‍ ബലിനല്‍കാനാവില്ല എന്നാണ് ഇവരുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: