കോഴിക്കോട്: നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ പണവും സ്വർണവും കവർന്നു. കടയുടമയും തൊഴിലാളികളും പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. പതിനൊന്ന് ലക്ഷം രൂപയും ആഭരങ്ങളുമാണ് നഷ്ടമായത്. മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
കോഴിക്കോട് കമ്മത്ത് ലൈനിലെ കെപികെ. ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഉടമ കട പൂട്ടി പളളിയിൽ പോയി തിരികെയെത്തിയപ്പോൾ കട തുറന്ന് കിടക്കുന്നതായി കണ്ടു. പരിശോധിച്ചപ്പോഴാണ് കടയിലുണ്ടായിരുന്ന 11 ലക്ഷം രൂപയും വിൽപനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന മൂന്ന് നെക് ലേസുകളും നഷ്ടപ്പെട്ടെന്നറിഞ്ഞത്.
എന്നാൽ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നില്ല. താക്കോലുപയോഗിച്ച് തുറന്ന് അകത്ത് കയറിയതായാണ് സംശയം. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായിട്ടുണ്ട്. മോഷ്ടാവെന്ന് കരുതപ്പെടുന്ന ആളുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിരടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ടൗൺ പൊലീസ് അന്വേഷണം തുടങ്ങി