ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓഹരി ഉടമകള്‍ക്ക് മികച്ച ലാഭവിഹിതവുമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. വായ്പാ വളര്‍ച്ചയും മെച്ചപ്പെട്ട ആസ്തി ഗുണനിലവാരവും ബാങ്കുകള്‍ക്ക് നേട്ടമായി. പൊതുമേഖലാ ബാങ്കുകളുടെ പ്രകടനത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാവുക കേന്ദ്രസര്‍ക്കാറിന് ആയിരിക്കും.
ബാങ്കുകളില്‍ നിന്ന് കേന്ദ്രത്തിന് ലാഭവിഹിതമായി ലഭിക്കുക ഏകദേശം 8,000 കോടി രൂപയാണ്. ആര്‍ബിഐയുടെ പ്രോംപ്റ്റീവ് കറക്റ്റീവ് ആക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ളവ 2021-22 കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 2023 മാര്‍ച്ചോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറുന്നൂറോളം ശാഖകള്‍ അടച്ചുപൂട്ടിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ നിന്നാണ് കേന്ദ്രത്തിന് ഏറ്റവും കൂടുതല്‍ ലാഭവിഹിതം ലഭിക്കുക. ഓഹരി ഒന്നിന് 7.10 രൂപ വീതമാണ് എസ്ബിഐ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 3,600 കോടിയാണ് എസ്ബിഐ നല്‍കുക. യൂണിയന്‍ ബാങ്കില്‍ നിന്ന് ലാഭവിഹിതമായി നിന്ന് 1,084 കോടി രൂപയോളം ലഭിക്കും. കാനറ ബാങ്കില്‍ നിന്ന് 742 കോടിയും ഇന്ത്യന്‍ ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയും 600 കോടി വീതവും നല്‍കും. അതേ സമയം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,ഐഡിബിഐ ബാങ്ക് എന്നിവ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടില്ല. ലാഭവിഹിതം പ്രഖ്യാപിക്കാന്‍ യുസിഒ ബാങ്ക് അനുമതി തേടിയിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്രയും ലാഭവിഹിതം നല്‍കും.
മോശം സാമ്പത്തിക സ്ഥിതിയെ തുടര്‍ന്ന് എസ്ബിഐ, ഇന്ത്യന്‍ ബാങ്ക് എന്നിവ ഒഴികെയുള്ളവ ദീര്‍ഘനാളായി ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നില്ല. വിലക്കയറ്റം ചെറുക്കാന്‍ വലിയ തോതില്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച കേന്ദ്രത്തിന് ബാങ്കുകളില്‍ നിന്നുള്ള ലാഭവിഹിതം താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ്. മുന്‍സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്രത്തിന് 30,307 കോടി രൂപ നല്‍കുമെന്ന് ആര്‍ബിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2020-21 കാലയളവില്‍ 99,122 കോടി രൂപയായിരുന്നു ആര്‍ബിഐയില്‍ നിന്ന് ലാഭവിഹിതമായി കേന്ദ്രത്തിന് ലഭിച്ചത്.