കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വർഷം തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
കേസില്‍ കിരൺ കുമാർ കോടതിയിൽ കുറ്റം നിഷേധിച്ചിരുന്നു. തനിക്ക് പ്രായം കുറവാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടു. താൻ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും താൻ നിരപരാധിയാണെന്നും കിരൺ കുമാർ കോടതിയിൽ പറഞ്ഞു.
വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്റെ പ്രതികരണം.
ശിക്ഷാ വിധി കേള്‍ക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍ കോടതിയിൽ എത്തിയിരുന്നു. കിരണ്‍ കുമാറിന് സ്ത്രീധനമായി നൽകിയ കാറിലാണ് വിസ്മയയുടെ പിതാവ് കോടതിയിൽ എത്തിയത്.
2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത് കേസിൽ വിധി പറഞ്ഞത്.
ശിക്ഷാ വിധിയിൽ കിരണിന്റെ പ്രായം പരിഗണിക്കണമെന്നും ജീവപര്യന്തം വിധിക്കരുതെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ കേസിൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിനു തുല്യമാണ്. കേസ് വ്യക്തിക്കെതിരായി ഉള്ളതല്ല. വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യമാകെ ശ്രദ്ധിക്കുന്ന വിധിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരൺകുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നിൽ ശിരസ് കുനിച്ചുനിന്നിരുന്ന കിരൺ മറുപടി നൽകി. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓർമക്കുറവുണ്ട്, അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. അമ്മയ്ക്ക് രക്തസമ്മർദവും വാതരോഗവും പ്രമേഹവുമുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരൺ കോടതിയിൽ പറഞ്ഞു.
കിരണിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങൾ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയിൽ ആവർത്തിച്ചത്.
കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിസ്മയ കേസിലെ ശിക്ഷ വിധിച്ചത്. ശിക്ഷാവിധിക്ക് മുമ്പ് പ്രോസിക്യൂഷനും പ്രതിഭാഗവും രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ജീവപര്യന്തം ശിക്ഷ നൽകരുതെന്ന് പ്രതിഭാഗവും വാദിച്ചു.
കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരൺകുമാറിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ സൈബർ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി.
2020 മേയ് 31-നാണ് നിലമേൽ കൈതോട് സീ വില്ലയിൽ വിസ്മയയെ ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാർ വിവാഹം കഴിച്ചത്.
വിസ്മയ, അച്ഛൻ ത്രിവിക്രമൻ നായരോട് ‘ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യചെയ്തുപോകുമെന്നും’ കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അറസ്റ്റിലായ കിരണിനെ പിന്നീട് സർവീസിൽനിന്നു പിരിച്ചുവിട്ടു.
പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വിധിപ്രസ്താവം കേൾക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കോടതിമുറിയിലെത്തിയിരുന്നു.
ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, അഭിഭാഷകരായ നീരാവിൽ എസ്.അനിൽകുമാർ, ബി.അഖിൽ എന്നിവർ ഹാജരായി.