KeralaNEWS

പ്രവാസിയുടെ വിവാഹ തട്ടിപ്പ്, മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ കോടതി

സ്ത്രീധന പീഡനവും ബഹുഭാര്യത്വ വിവാഹ തട്ടിപ്പും നടത്തിയ കേസില്‍ പ്രവാസിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി. വിദേശ മലയാളിയായ വെഞ്ഞാറമൂട് മാമൂട് വിജയ ലക്ഷ്മി ഭവനില്‍ ശ്രീകുമാര്‍ എന്നയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ജഡ്ജി കെ. ലില്ലി തള്ളിയത്.

പ്രതിക്ക് ജാമ്യം ലഭിക്കാനായി, തങ്ങള്‍ക്ക് പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട എന്ന വിഴിഞ്ഞം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ജാമ്യം നിരസിച്ചത്.

വിഴിഞ്ഞം പൊലീസ് കേസ് അട്ടിമറിച്ച്‌ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് മുഖേന പ്രതിയുടെ നിയമാനുസൃത ഭാര്യ ലക്ഷ്മി സമര്‍പ്പിച്ച കൗണ്ടര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി പ്രതിക്ക് ജാമ്യം നിരസിച്ചത്.

രണ്ടാം വിവാഹ ഫോട്ടോകള്‍ പ്രതി തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ രേഖകള്‍ ലക്ഷ്മി കോടതിയില്‍ ഹാജരാക്കി. ആരോപണം ഗൗരവമേറിയതെന്നും ശാരീരിക ഉപദ്രവത്തിന് മെഡിക്കല്‍ തെളിവുണ്ടെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.

2017 ജൂണ്‍ 4 നാണ് ശ്രീകുമാര്‍ വിഴിഞ്ഞം സ്വദേശിനി ലക്ഷ്മിയെ മതാചാര പ്രകാരം രേഖാമൂലം വിവാഹം കഴിച്ചത്. ലക്ഷ്മിക്ക് 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മാതാപിതാക്കള്‍ അണിയിച്ചിരുന്നു. ഈ ദാമ്പത്യ ബന്ധത്തില്‍ 3 വയസ്സുള്ള ഒരു മകളുമുണ്ട്. എന്നാല്‍ ലക്ഷ്മി നാല് മാസം ഗര്‍ഭിണിയായിരിക്കേ 5 ലക്ഷം രൂപ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചൂട് ചായ ദേഹത്തൊഴിക്കുകയും മറ്റ് രീതിയിൽ പീഡിപ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നെടുമങ്ങാട് കുടുംബക്കോടതി മുമ്പാകെ കേസ് നടന്നു വരവേ മീഡിയേഷന്‍ കരാര്‍ പ്രകാരം കുട്ടിയുടെ പേരില്‍ 5 ലക്ഷം രൂപ ദേശസാൽകൃതബാങ്കില്‍ നിക്ഷേപിക്കാമെന്ന വ്യവസ്ഥയില്‍ ഡിവോഴ്‌സിന് സംയുക്ത ഹര്‍ജി നല്‍കി.

എന്നാല്‍ ഹര്‍ജി പരിഗണിക്കവേ കരാര്‍ പാലിക്കാതെ ശ്രീകുമാര്‍ മുങ്ങി. തുടര്‍ന്ന് കുടുംബകോടതി സംയുക്ത ഹര്‍ജി തള്ളി.

അപ്രകാരം ഡിവോഴ്‌സ് ഉത്തരവില്ലാത്തതിനാല്‍ നിയമാനുസരണ ഭാര്യയായി ലക്ഷ്മി നിലനില്‍ക്കവേയാണ് സത്യാവസ്ഥ മറച്ചു വെച്ച്‌ പ്രതി ആര്യനാട് സ്വദേശിനി വിജോതി വിജയനെ രണ്ടാം വിവാഹം ചെയ്തത്.

Back to top button
error: