പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത സോളമനെ തേടിയാണ് എസ് ഐ സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളിമലയിലെത്തുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളാണ് സോളമൻ. പരോൾ പൂർത്തിയായിട്ടും കീഴടങ്ങാത്തതിന് അയാൾക്കൊരു കാരണമുണ്ട്. കൊലപാതകിയായതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും അനീതിയുടെയും ചരിത്രം.
‘ജോസഫി’ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ സിനിമയുടെ പ്രധാന ആകർഷണം ആയിരുന്നു. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സുരാജും ഇന്ദ്രജിത്തും. എന്നാൽ ട്രെയ്ലറിലെ ത്രിൽ ഒക്കെ അവിടെ മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നെങ്കിലും പിന്നീട് ഒരു ഇമോഷണൽ ഫ്ലാഷ്ബാക്ക് പറഞ്ഞ് നമ്മൾ കണ്ടുമടുത്ത ചിത്രങ്ങളുടെ പറ്റേണിലൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്.
35 വർഷങ്ങൾക്ക് മുൻപ് പട്ടുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ട ഒരേയൊരാളാണ് സോളമൻ എന്ന ഡയലോഗിൽ നിന്നുതന്നെ ഇനി വരാനുള്ള രംഗങ്ങളുടെ സ്വഭാവം പിടികിട്ടും. നായകനെ വളർത്തുന്ന പുരോഹിതൻ, കല്യാണത്തലേന്ന് നായകനൊപ്പം ഒളിച്ചോടുന്ന നായിക, പ്രതികാരം ചെയ്യാനെത്തുന്ന കല്യാണചെക്കൻ, മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ (പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്ന് എത്തുന്നവർ) തുടങ്ങിയ ടൈപ്പ് കഥാപാത്രങ്ങൾ ഇവിടെയും സുലഭം. കഥയിലെ പ്രെഡിക്റ്റബിലിറ്റിയാണ് ഏറ്റവും വലിയ പോരായ്മ. സോളമന്റെ ഫ്ലാഷ്ബാക്ക് ആരംഭിക്കുമ്പോൾ തന്നെ കഥ ഒരുവിധം മനസ്സിലാകും.
സോളമന്റെയും ഭാര്യയുടെയും സ്നേഹവും, കുടുംബ ബന്ധവുമൊക്കെ പകർത്തി ഒരു പാട്ടും നൽകി സിനിമ നീളുന്നു. നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം, അതിന് കാരണക്കാരായവർ, പ്രതികാരം… ഇങ്ങനെ ഒരൊറ്റ വരിയിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തിലെ മ്യാരക ട്വിസ്റ്റ് ഒക്കെ ഔട്ട്ഡേറ്റഡ് ആയിപോയെന്ന് സംവിധായകനും തിരക്കഥാകൃത്തിനും മനസിലാകാത്തതാണോ?
ഒരു കുടുംബ കഥ പറയുന്നുണ്ടെങ്കിലും പ്രേക്ഷകനെ വൈകാരികമായി സ്വാധീനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇവിടെയെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി ദുർബലമായൊരു കഥയെ താങ്ങി നിർത്താൻ സുരാജ് ശ്രമിക്കുന്നത് കാണാം. മികച്ച ലോങ്ങ് ഷോട്ടുകൾ, നിലവാരമുള്ള പ്രകടനം എന്നിവ മാത്രമാണ് എടുത്തു പറയാനായുള്ളത്. എം പത്മകുമാറും രഞ്ജിൻ രാജും വീണ്ടും ഒന്നിച്ചതുകൊണ്ടാവണം ചിലയിടങ്ങളിൽ ‘ജോസഫി’നോട് സാമ്യമുള്ള സംഗീതം കടന്നുവരുന്നുണ്ട്.
-ഷെറിൻ പി യോഹന്നാൻ