KeralaNEWS

കെഎസ്ആർടിസി – സ്വിഫ്റ്റിനെതിരെയുള്ള വാർത്ത തെറ്റെന്ന് റിപ്പോർട്ട്

ബസ് ദിശമാറി ​ഗോവയിലേക്ക് സർവ്വീസ് നടത്തിയിട്ടില്ല -വിജിലൻസ്

തിരുവനന്തപുരം; മേയ് മാസം 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്നതരത്തിൽ വന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

വാർത്തയിൽ വന്നത് പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല.

Signature-ad

നിലവിൽ കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മേയ് 8 ന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിം​ഗ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നുമാണ്. കൂടാതെ ബസുകളുടെ 7,8,9,10 തീയതികളിലെ ലോ​ഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. കൂടാതെ ബസ് ​ദിശമായി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലൻസ് വിഭാ​ഗത്തിന് ലഭിച്ചതുമില്ല. തുടർന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പത്ര നവമാധ്യമങ്ങളിൽ വന്നത് പോലെ കെഎസ്ആർടിസി – സ്വിഫ്റ്റ് ബസ് ദിശമാറി ​ഗോവയിലേക്ക് സർവ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത്.

കെഎസ്ആർടിസി, കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലേക്കാണ് കർണ്ണാടകത്തിലേക്ക് സർവ്വീസ് നടത്തുന്നത്. അത്തരം ഒരു കരാർ ​ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല. ​ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ​ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ​ഗോവയിലേക്ക് കടത്തി വിടില്ല. ഇത് യാതൊരു അടിസ്ഥാനവുമില്ലാതെ കെഎസ്ആർടിസി – സ്വിഫ്റ്റിനെതിരെ വരുന്ന വാർത്തയുടെ ഭാ​ഗമായി ഇതിനെ കണ്ടാൽ മതിയെന്നും മാനേജ്മെന്റ് അറിയിച്ചു.

Back to top button
error: