NEWS

മഴക്കാലം: ജലദോഷത്തെ ചെറുക്കാൻ നാടൻ മാർഗങ്ങൾ


പ്രായ – കാല ദേശ ഭേദമെന്യേ സര്‍വസാധാരണമായി എല്ലാവരെയും ബാധിക്കുന്ന ആരോഗ്യപ്രശ്‌നമാണ് ജലദോഷം.മഴയും മഞ്ഞുമുള്ള തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ കണ്ടുവരുന്നതിനാലാണ് ജലദോഷം എന്ന പേര് ലഭിച്ചതെന്ന് പൊതുവേ പറയപ്പെടുന്നു.ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ജലദോഷം. ഹ്യൂമന്‍ റൈനോവൈറസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസാണ് രോഗബാധയ്ക്ക് പ്രധാന കാരണം.

ഇതിനു പുറമെ, ഹ്യുമന്‍ കൊറോണാ വൈറസ്, ഇന്‍ഫ്‌ളുവന്‍സാ വൈറസ്, അഡിനോ വൈറസ് തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വൈറസുകളും ജലദോഷത്തിന് കാരണമാകാറുണ്ട്.

 

കുറഞ്ഞ രോഗപ്രതിരോധ ശക്തി, പോഷകാഹാരക്കുറവ്, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങള്‍ ഇവയൊക്കെ രോഗബാധയുടെ തോത് കൂട്ടുന്നു.ചുമ, തൊണ്ടവേദന, ഒച്ചയടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, വിശപ്പില്ലായ്മ, പനി തുടങ്ങിയവയാണ് സാധാരണയായി അനുഭവപ്പെടാറുള്ള ലക്ഷണങ്ങള്‍.വൈറസ് ബാധയുണ്ടായി പതിനാറ് മണിക്കൂറിനുള്ളിലാണ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.ലക്ഷണങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തുക രണ്ടാം ദിവസം മുതല്‍ നാലാം ദിവസം വരെയാണ്.

പ്രതിരോധ മാർഗങ്ങൾ

വീടിനുള്ളിലും പരിസരങ്ങളിലും ഔഷധങ്ങള്‍ ഉപയോഗിച്ച് പുകയ്ക്കുന്നത് ഉത്തമമാണ്. ഗുല്‍ഗുലു, വയമ്പ്, വേപ്പില ഉണക്കിയത് കടുക് എന്നിവ പുകയ്ക്കുന്നതിന് ഉപയോഗിക്കാം.ജലദോഷം, പനി, കഫക്കെട്ട്, ചുമ എന്നിവയ്ക്ക് കൃഷ്ണതുളസി, കാട്ടുതുളസി, പനിക്കൂര്‍ക്കയില, തുമ്പയില, ഇഞ്ചി, മഞ്ഞള്‍, ആടലോടകം എന്നീ ഔഷധസസ്യങ്ങള്‍ ഉപയോഗിക്കാം.

 

കൃഷ്ണതുളസിയില, കാട്ടുതുളസിയില, ചുവന്നുള്ളി, ചുക്ക്, കുരുമുളക്, ആടലോടകത്തിന്റെ തളിരില, ഇവ കഷായം വച്ച് കരുപ്പെട്ടി ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനും അനുബന്ധ രോഗങ്ങള്‍ ശമിക്കുന്നതിനും ഉത്തമമാണ്.

 

വിട്ടുമാറാത്ത കഫക്കെട്ട്, ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം എന്നിവയുള്ള രോഗികള്‍ പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കാച്ചി കുടിക്കുന്നത് നല്ലതാണ്.

 

പനിക്കൂര്‍ക്കയില, തുളസിയില, പൂവാം കുരുന്നില എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ തേയ്ക്കുന്നത് ഇടവിട്ട് ജലദോഷം വരുന്നത് തടയുന്നതിന് ഉത്തമമാണ്.

 

തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ജലദോഷം പെട്ടെന്ന് മാറാൻ സഹായിക്കും.

 

ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്ത ഔഷധ ചായകള്‍ കുടിക്കുന്നതും നല്ലതാണ്.

 

 

തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ഫലം നല്‍കും.

Back to top button
error: