NEWS

എന്ന് വരും വേനൽ?

കുടിവെള്ള ക്ഷാമം കൊണ്ട് ‘വെന്തുരുകേണ്ട’ മാസങ്ങളാണ് കടന്നു പോയത്.ഏപ്രിലിനു പിന്നാലെ മെയിലും കേരളത്തിൽ ശക്‌തമായ മഴ പെയ്യുന്നത്‌ ഒരു പക്ഷെ ചരിത്രത്തിൽ ഇതാദ്യമാകും.മാർച്ച് പകുതിയോടെ തുടങ്ങിയ മഴയുടെ കൊട്ടിക്കലാശം ഇനി ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട.മെയ് അവസാന വാരത്തോടെ കാലവർഷം എത്തുമെന്നാണ് മുന്നറിയിപ്പ്.
മഴ ഒരു കാലത്ത് മലയാളിയുടെ നൊസ്റ്റാൾജിയ ആയിരുന്നു.എത്രമാത്രം കഥകൾ, കവിതകൾ,സിനിമകൾ…! പണ്ട് സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ഇടവപ്പാതിയും കാലവർഷവും മൺസൂണും ഒക്കെ മഴയുടെ ഓർമ്മകളിലെ ഏറ്റവും സുന്ദരമായ പേരുകളുമായിരുന്നു.പിന്നെ എന്ന് മുതലാണ് മഴ വെറുക്കപ്പെട്ടവനായത്? 2018-ലെ പ്രളയകാലം മുതൽ…? അല്ല, ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും ഭീതി വിതച്ച മഴക്കാലങ്ങൾ അതിന് മുൻപും ഉണ്ടായിട്ടുണ്ട്.കൃത്യമായി പറഞ്ഞാൽ 2000-ത്തോടുകൂടി മഴയുടെ പുതിയൊരു വേർഷനാണ് കേരളത്തിൽ പെയ്തുകൊണ്ടിരിക്കുന്നത്.
2018,19 വർഷങ്ങൾ പ്രളയത്തിന്റേതായിരുന്നെങ്കിൽ അതിന്റെ തൊട്ടടുത്ത വർഷം മുതൽ അത് ഉരുൾപൊട്ടലുകളുടേതായി മാറി.കഴിഞ്ഞവർഷമായിരുന്നു ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ കേരളത്തിൽ ഉണ്ടായത്.ഏറ്റവും കൂടുതൽ മഴ പെയ്ത ഒരു സീസൺ കൂടിയായിരുന്നു കഴിഞ്ഞ വർഷത്തേത്.മെയ് മുതൽ നവംബർ അവസാനം വരെ നീണ്ടു നിന്നു അത്.അതിന്റെ തുടർച്ചയായിട്ടു വേണം ഇത്തവണത്തെ വേനൽക്കാലത്തെ കാണാൻ.മാര്‍ച്ച്‌ ഒന്നു മുതല്‍ മേയ്‌ 31 വരെ നീളുന്ന വേനല്‍ക്കാലത്ത്‌  379.7 മില്ലീമീറ്റര്‍ മഴയാണ്‌ കേരളത്തില്‍ പെയ്യേണ്ടത്‌. എന്നാല്‍, കഴിഞ്ഞദിവസം വരെ പെയ്‌തിറങ്ങിയത്‌ 550.1 മില്ലീലിറ്ററാണ്‌.മെയ് തീരാൻ ഇനിയും രണ്ടാഴ്ച ബാക്കിയുണ്ട്.
മഹാപ്രളയം മുതലിങ്ങോട്ട് മലയാളിക്ക് മഴയെന്നാൽ ഭയത്തിന്റെ കാലമാണ്.സമീപകാല കാലാവസ്ഥാ മാറ്റങ്ങളുടെ സാഹചര്യത്തിൽ ഏറെ ജാഗ്രത വേണ്ട കാലവർഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നത്. ഇത്തവണ കാലവർഷത്തിന് അനുകൂലമായ സാഹചര്യം നേരത്തെ ഒരുങ്ങിയേക്കുമെന്ന് വിദഗ്ധർ പറയുന്നു. സാധാരണ കിട്ടുന്ന മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എങ്കിലും മുൻവർഷങ്ങളേക്കാൾ കടലാക്രമണം രൂക്ഷമായേക്കും.
മഴയുടെ അളവ് എങ്ങനെ ആയാലും, ഏറെ ജാഗ്രത വേണ്ട കാലമായിരിക്കും ഇത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യിക്കുന്ന ക്യൂമുലോനിംബസ് മേഘങ്ങൾ കൂടുതലാകുന്നതാണ് സമീപകാലത്തെ അനുഭവങ്ങൾ. ഒറ്റദിവസം കൊണ്ട് ഉണ്ടാകുന്ന പ്രളയങ്ങളെ കാലവർഷക്കാലത്തും കരുതിയിരിക്കണം.
തുടരെ തുടരെയുണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ ഉയരമേറിയ തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യത കൂട്ടും. പസഫിക് സമുദ്രത്തിൽ തുടരുന്ന ലാനിന പ്രതിഭാസം ചുഴലിക്കാറ്റ് രൂപപ്പെടാൻ അനുകൂലമാണ്.അതിലുപരിയാണ് മലയോരങ്ങളിലെ ഉരുൾപൊട്ടൽ ഭീഷണി.
ഉത്തരേന്ത്യയിലെ കടുത്ത ചൂട് , ബംഗാൾ ഉൾക്കടൽ ,പസഫിക് സമുദ്രം എന്നിവിടങ്ങളിലെ മാറ്റങ്ങൾ, ഭൂമധ്യരേഖ കടന്ന് വരുന്ന തെക്ക് പടിഞ്ഞാറൻ കാറ്റിൻ്റെ തിരിവ് എല്ലാം സൂചിപ്പിക്കുന്നത് മെയ് അവസാന വാരം തന്നെ മഴ കേരളത്തിൽ സജീവമായേക്കും എന്നാണ്.
മൺസൂൺ തുടങ്ങിയതായി ഔദ്യോഗികമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും മഴ നേരത്തേ
തുടങ്ങാനാണ് സാധ്യത. പ്രവചനാതീതമായ കേരളത്തിന്റെ സമീപകാല കാലാവസ്ഥ നോക്കിയാൽ കാലവർഷത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണമെന്ന് ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: