പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം മാര്‍ച്ച് പാദത്തില്‍ 42 ശതമാനം കുറഞ്ഞ് 984 കോടി രൂപയായി. വര്‍ഷാടിസ്ഥാനത്തില്‍ നിന്നും ത്രൈമാസാടിസ്ഥാനത്തിലേക്ക് ഡിടിഎ കണക്കാക്കല്‍ മാറ്റിയതിനാലാണ് ലാഭത്തില്‍ കുറവുണ്ടായതെന്ന് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1,709 കോടി രൂപയായിരുന്നുവെന്നും അതില്‍ 913 കോടി രൂപ ഡിടിഎ മാത്രമായിരുന്നുവെന്നും ബാങ്ക് വ്യക്തമാക്കി.
നികുതി കഴിഞ്ഞുള്ള ലാഭം 2021 സാമ്പത്തിക വര്‍ഷത്തിലെ 3,005 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 31 ശതമാനം വര്‍ധിച്ച് 3,945 കോടി രൂപയായി. അറ്റ പലിശ വരുമാനം (എന്‍ഐഐ) മുന്‍വര്‍ഷത്തെ 3,334 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വര്‍ധിച്ച് 4,255 കോടി രൂപയായി.
ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടതായാണ് കണക്കുകള്‍ കാണിക്കുന്നത്. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 138 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞ് 9.85 ശതമാനത്തില്‍ നിന്ന് 8.47 ശതമാനമായി. അറ്റ എന്‍പിഎ 110 ബിപിഎസ് കുറഞ്ഞ് 3.37 ശതമാനത്തില്‍ നിന്ന് 2.27 ശതമാനമായി. പ്രൊവിഷന്‍ കവറേജ് അനുപാതം 87.38 ശതമാനമാണ്.