KeralaNEWS

പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയതിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ, സമസ്ത നേതാവിന്റെ നടപടി സ്ത്രീവിരുദ്ധവും അപരിഷ്കൃതവുമെന്ന് വനിതാ കമ്മിഷന്‍

തിരുവനന്തപുരം: പൊതുവേദിയിൽ മതനേതാവ് പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം ഒരു പെൺകുട്ടി ഇങ്ങനെ അവഹേളിക്കപ്പെടുന്നതു വേദനാജനകം എന്ന് ഗവർണർ ട്വീറ്റ് ചെയ്തു:

“അർഹതപ്പെട്ട അംഗീകാരം കൈപ്പറ്റുന്നതിനായി എത്തിയ പെൺകുട്ടിയെ, മുസ്‍ലിം കുടുംബത്തിൽ ജനിച്ചതു കൊണ്ടു മാത്രം സ്റ്റേജിൽ വച്ച് അപമാനിച്ചത് വളരെയധികം വേദനാജനകമായ സംഭവമാണ്. പരിശുദ്ധ ഖുർആൻ വചനങ്ങൾക്ക് എതിരായി മുസ്‌ലിം സ്ത്രീകളെ പുരോഹിതർ മാറ്റി നിർത്തുന്നതിൻ്റെയും അവരുടെ വ്യക്തിത്വത്തെ അടിച്ചമർത്തുന്നതിന്റെയും മറ്റൊരു ഉദാഹരണമാണിത്.”
ഗവർണർ ട്വിറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പ്രതികരിച്ച വിഡിയോ പുറത്തുവന്നത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്.

പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി.

”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്…” അബ്ദുള്ള മുസ്ലിയാർ  സംഘാടകരോട് കുപിതനായി.
വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രം​ഗത്തെത്തി.

പെരിന്തല്‍മണ്ണയിൽ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ മതനേതാവ് അപമാനിച്ച സംഭവത്തെ അപലപിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍. വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു.

സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

രാമപുരം പാതിരമണ്ണ ദാറുല്‍ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാനാണ് പത്താം തരം വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാര്‍ ശാസിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: