ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര -ഒഡീഷ തീരത്തേക്ക്. നിലവിൽ ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യമുള്ളത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് നാളെ വടക്കുകിഴക്കൻ മേഖലയിലേക്ക് സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
നിലവിൽ തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചനം. കര തൊടാൻ സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. എന്നാൽ ചുഴലിക്കാറ്റ് കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒഡീഷയിലെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബംഗാളിലും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കും. തിങ്കളാഴ്ച ആന്ധ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പശ്ചിമബംഗാളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.