NEWS

ഒരു ലോക്കോ പൈലറ്റിന്റെ യോഗ്യതയും ചുമതലയും

കേന്ദ്ര ഗവ: ജീവനക്കാരൻ, ഉയർന്ന ശമ്പളം വാങ്ങുന്നവൻ, ഹ! എന്തൊരു സുഖം ജോലി എന്നിങ്ങനെ ജനങ്ങൾ നോക്കിക്കാണുകയും എന്നാൽ എന്താണ് ജോലി എന്നറിയാതെ ജോലിക്ക് ചേരുകയും പെട്ടു പോയി എന്ന് പരിതപിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ലോക്കോ പൈലറ്റുമാർ.
പൊതു മേഖലക്കെതിരായും ഗവ: ജീവനക്കാർക്കെതിരായും നിരന്തരം അരോപണങ്ങൾ നടക്കുന്ന കാലത്ത് സ്വകാര്യവത്കരണം ഉത്ഘോഷിക്കപ്പെടുമ്പോൾ , സ്വകാര്യ മേഖലെയെക്കാൾ കൊടിയ ചൂഷണത്തിന് വിധേയരാകുന്ന ഒരു വിഭാഗം എന്ന നിലയിൽ ലോക്കോ പൈലറ്റു മാരുടെ തൊഴിലിനേയും, തൊഴിൽ സാഹചര്യത്തേയും തുറന്നു കാണിക്കേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുന്നു.
*_വിദ്യാഭ്യാസ യോഗ്യത_*
ITI ആണ് RLY അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത് എങ്കിലും, 2010 വരെ ബഹുഭൂരിപക്ഷവും Diploma ക്കാരാണ് ഈ ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.2010 ഓടു കൂടി അത് ബിടെക്കാരും, നിലവിൽ എംടെക്ക് കാരും ആണ് ഈ ജോലി എടുക്കുന്നത്.
ITI ക്കാർക്ക് നല്കേണ്ടുന്ന ശമ്പളത്തിൽ ഉയർന്ന യോഗ്യതയുള്ളവരുടെ അറിവും, കഴിവും, അദ്ധ്വാന ക്ഷമതയും, IQ ഉം, ഉപയോഗിക്കുക എന്ന കൗശലം ഇതിന് പുറകിൽ ഉണ്ട് . യോഗ്യതാ പരീക്ഷ പാസാകാൻ ഉയർന്ന യോഗ്യതയുള്ളവരെ കൊണ്ട് മാത്രമെ കഴിയൂ.
*_ എന്താണ് ജോലി_*
 തമാശയായി ചിലർ പറയാറുണ്ട് “നിങ്ങക്കെന്താ സ്വിച്ചിട്ട് കണ്ണുമടച്ച് ഇരുന്നാൽ പോരെ എതിരെ വണ്ടി ഒന്നും വരില്ലല്ലൊ, ” എന്ന്.
 പക്ഷെ പറയും പോലെ അത്ര നിസ്സാരമല്ല ജോലി ഓരോ 30 സെക്കൻ്റിലും ഒരു സിഗ്നൽ വീതം കടന്നു പോകുന്നുണ്ട് ഒരു തീവണ്ടി. ഒരു ചുവപ്പ് സിഗ്നൽ  കടന്ന് ഒരടി മുന്നോട്ടു പോയാൽ ( അപകടം സംഭവിച്ചില്ല എങ്കിൽ കൂടി) ലോക്കോ പൈലറ്റിനെ ജോലിയിൽ നിന്നു പിരിച്ചുവിടും, സിഗ്നൽ കടന്നു പോകാനാധാരമായ നിരവധി കാരണങ്ങൾ ഉണ്ടാകാം അതൊന്നും തന്നെ പരിഗണിക്കുകയില്ല, അല്ലെങ്കിൽ പിരിച്ചുവിട്ടതിന് ശേഷമാണ് പരിശോധിക്കുക. ഇതിൽ നിന്നു തന്നെ വേണ്ട ശ്രദ്ധയെത്ര എന്ന് ഊഹിക്കാമല്ലോ .
ട്രാക്കിലെന്തെങ്കിലും കേടുപാടുണ്ടോ, OHE എന്നറിയപ്പെടുന്ന ഇലട്രിക് വയറുകളിൽ കേടുപാടുണ്ടോ, പോയൻ്റുകൾ സെറ്റ് ചെയ്തിരിക്കുന്നത് ശരിയാണോ , ട്രാക്കിലേക്ക് കന്നുകാലികൾ, വന്യമൃഗങ്ങൾ, മനുഷ്യർ, വാഹനങ്ങൾ എന്നിവ കടന്നു വരുന്നുണ്ടോ എന്നും നിതാന്ത ജാഗ്രതയോടെ വീക്ഷിക്കുന്നതിനോടൊപ്പം, എഞ്ചിൻ ക്യാബിനിലെ  വിവിധ ഗേജുകളും മീറ്ററുകളും നിരന്തരം പരിശോധിക്കുകയും , ഈ നിതാന്ത ജാഗ്രത ഇടവേളകളില്ലാത്ത ജോലിയിൽ പതിനൊന്നാം മണിക്കൂറിലും അണുവിട തെറ്റാതെ തുടരുകയും , 3000-5500 Tone വരുന്ന പുറകിലെ ലോഡിൻ്റ തള്ളലിനും, വലിവിനു മനുസൃതമായി ട്രാക്കിനനുസരിച്ച് നിയന്ത്രിക്കുകയും ചെയ്യുകയും ചെയ്യേണ്ടതുണ്ട്.
  GRS എന്ന ജനറൽ റൂളുകളും, ARS എന്ന ആക്സിഡൻറ് റൂളുകളും, തുടങ്ങിയ നിരവധി നിയമ പുസ്തകങ്ങൾ മനപ്പാഠമായിരിക്കേണ്ടതുണ്ട്, ഒരു സ്റ്റേഷൻ മാസ്റ്റർക്ക് തൻ്റെ സ്റ്റേഷൻ്റെ  വർക്കിങ്ങ് റൂൾ അറിഞ്ഞാൽ മതിയാകുമെങ്കിൽ ഒരു ലോക്കോ പൈലറ്റ് താൻ കടന്നു പോകുന്ന ഓരോ സ്റ്റേഷൻ്റേയും വർക്കിങ്ങ് റൂൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.പാലക്കാട് ജോലി ചെയ്യുന്ന ഒരാൾ എറണാകുളം മുതൽ ഈറോഡ്, മംഗലാപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളുടെയും വർക്കിങ് റൂളുകളും, അവയിലെ സിഗ്നലുകളും, അവയ്ക്കിടയിൽ വരുന്ന സിഗ്നലുകളുമറിഞ്ഞിരിക്കണം എന്ന് മാത്രമല്ല ,അവയിൽ ലൈറ്റ് ഇല്ല എങ്കിൽപോലും അവയുടെ സ്ഥാനം ഓർമ്മവച്ച് രാത്രിയായാലും പകലായാലും അവയെ അനുസരിക്കുകയും വേണം.
ഈ സിഗ്നലുകൾക്കിടയിൽ, സ്ഥിതി ചെയ്യുന്ന കോഷൻസ്പോട്ടുകൾ എന്നറിയപ്പെടുന്ന വേഗത നിയന്ത്രിക്കേണ്ടുന്ന ഇടങ്ങളിൽ കൃത്യമായി അവ പാലിക്കുകയും, ന്യൂട്ടറൽ സെക്ഷനെന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ എഞ്ചിൽ ഓഫ് ആക്കി ഓൺ ആക്കുകയും, ഓടിക്കൊണ്ടിരിക്കെ തന്നെ എഞ്ചിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുകയും വേണം , ഇലട്രിക് ലോക്കോയെ പറ്റിയും, ഡീസൽ ലോക്കോയെ പറ്റിയും (20 ഓളം വ്യത്യസ്ത തരം ലോക്കോ) ഗഹനമായ അറിവും, അവയിലെ മാറി മാറി വരുന്ന ‘പുതിയ ടെക്നോളജിയെ പറ്റിയും അവയിലെ ഓരോ ചെറുതും വലുതുമായ ഉപകരണങ്ങളുടെ സ്ഥാനത്തെ പറ്റി കൃത്യമായ ധാരണയും വേണം, അതു പറയുമ്പോൾ തന്നെ ഞങ്ങൾക്കിടയിലെ ഒരു തമാശയുണ്ട് ഏതു കമ്പനിയുടെ കാറാണെങ്കിലും ക്ലച്ച് ,ബ്രേക്ക്, ആക്സിലേറ്റർ എന്നിവ നിശ്ചിത സ്ഥാനത്തു കാണും ,എന്നാൽ ഇന്ത്യൻ റെയിൽവേയിലെ ലോക്കോകളിൽ ഒന്നിനും ഒരു നിശ്ചയവും ഇല്ല, ചിലതിൽ മുന്നോട്ടാക്കിയാൽ ബ്രേക്ക് പിടിക്കുമെങ്കിൽ, ചിലതിൽ നേരെ തിരിച്ചാവും, ഒന്നിൽ ഇടത്തെങ്കിൽ, അടുത്തതിൽ വലത്താവും, ചിലതിൽ മുകളിലെങ്കിൽ ചിലതിൽ താഴെയാവും, ചിലവ ഇടത്തേക്ക് തിരിച്ചാൽ തുറക്കും, അതേ ലോക്കോയിൽ ചിലത് വലത്തേക്ക് തിരിച്ചാലാവും തുറക്കുക. 5-10 മിനുറ്റുകൊണ്ട് 110 km സ്പീഡിൽ ഓടുന്ന ട്രെയിനിൽ ഇവ കണ്ടു പിടിച്ച്, തകരാർ പരിഹരിക്കാൻ ലോക്കോ പൈലറ്റുമാർ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന സമയ നഷ്ടത്തിനുത്തരം പറയണം.ഇനി തകരാർ പരിഹരിക്കുന്നതിൽ വീഴ്ച പറ്റിയാൽ അതിനുള്ള ശിക്ഷാ നടപടിയുമേറ്റുവാങ്ങാൻ ബാധ്യസ്ഥരാണ് (പലപ്പോഴും ഇൻക്രിമെൻ്റ്കട്ട് പോലുള്ള കാര്യമായ ശിക്ഷ തന്നെ കിട്ടും )
ലോക്കോയെ കുറിച്ചു മാത്രം അറിഞ്ഞാൽ പോര  വിവിധ തരം ഗുഡ്സ് വാഗണുകളെ കുറിച്ചും, എക്സ്പ്രസ്സ് കോച്ചുകളെ കുറിച്ചും ധാരണയും, വഴിയിൽ അവയ്ക്ക് കേടുപറ്റിയാൽ നേരെയാക്കുകയും വേണം (ഇതു നേരെയാക്കുന്ന സ്റ്റാഫിന് അവർക്ക് നിശ്ചയിക്കപ്പെട്ട വാഗ ണോ, കോച്ചോ മാത്രമേ പരിശോധിക്കേണ്ടതുള്ളൂ). ഒരു മനുഷ്യ മസ്തിഷ്കത്തിൻ്റെ പ്രവർത്തന, ചിന്താ കഴിവുകൾക്കപ്പുറമുള്ള കാര്യങ്ങളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത് .
 മറ്റാർക്കും തെറ്റുപറ്റാം പക്ഷെ ഒരിക്കലും ഒരു ലോക്കോ പൈലറ്റിന് അതു പാടില്ല എന്ന് മാത്രമല്ല, ഒരു SM സിഗ്നൽ തെറ്റായിട്ടാൽ പോലും, അത് ശരിയാണോ എന്ന് ഉറപ്പു വരുത്തണം, സിഗ്നൽ ഫെയിലിയർ ഉണ്ടാകുമ്പോഴും മറ്റും നല്കുന്ന ഫോറങ്ങൾ ശരിയാണോ എന്ന് പരിശോധിച്ചുറപ്പു വരുത്തണം.ട്രെയിനിൻ്റ ഗതി നിയന്ത്രിക്കുന്ന പോയിൻറുകൾ ഉറപ്പു വരുത്തണം, മറ്റുള്ളവർ സ്വന്തം ജോലിയിൽ വരുത്തുന്ന വീഴ്ചയ്ക്കു പോലും ഉത്തരവാദിത്തം തലയിൽ വന്നു ചേരും.പലപ്പോഴും സുരക്ഷിതമായി ട്രെയിനോടിക്കാൻ  നിയമം പാലിക്കാനായി അധികാരികളുമായി ഏറ്റുമുട്ടേണ്ടിവരാറുമുണ്ട് .
*ജോലി സമയം*
  വർഷത്തിൽ 365 നാളും പണി എടുക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് എന്ന് പറഞ്ഞാൽ അവിശ്വനീയമായി തോന്നിയേക്കാം എന്നാൽ അതാണ് സത്യം .
സ്വാതന്ത്ര്യത്തിൻ്റെ 75 ആണ്ടുകൾ പിന്നിടുമ്പോഴും ലോക്കോ പൈലറ്റുമാർ സമരങ്ങളിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ ആഴ്ചയിൽ ഒരു നാൾ വിശ്രമവും, 8 മണിക്കൂർ ജോലിസമയവും ആണ്.
ഒരു ലോക്കോ പൈലറ്റിന് ലീവെടുക്കുമ്പോൾ ഒഴികെ ഒരു നിശ്ചിത ദിവസം അവധിയായില്ല.
 ഒരു ഗുഡ്സ് ലോക്കോ പൈലറ്റിന് എപ്പോഴാണ് തൻ്റെ ജോലി ആരംഭിക്കുക എന്നോ എപ്പോൾ അവസാനിക്കുമെന്നോ അറിയില്ല.8 മണിക്കൂർ ജോലി ,8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദം എന്ന ലോകം മുഴുവൻ അംഗീകരിച്ച കാര്യം ഇപ്പോഴും റെയിൽവേ ലോക്കോ പൈലറ്റുമാർക്ക് നിയമ പുസ്തകത്തിൽ പോലും അംഗീകരിച്ചിട്ടില്ല. 11 മണിക്കൂറാണ് അംഗീകരിക്കപ്പെട്ട ജോലി സമയം, എപ്പോൾ തുടങ്ങുന്നുവോ അതിൽ നിന്നും 11 മണിക്കൂർ ,തുടങ്ങുന്നത് പാതിരാത്രിയോ, പുലർച്ചയോ, കാലത്തോ, ഉച്ചയ്ക്കലോ ,സന്ധ്യയ്ക്കോ ആവാം. 11 മണിക്കൂർ എന്നത് പലപ്പോഴും 13 – 16 മണിക്കൂറായി നീളുകയും ചെയ്യും. ഇത്ര സമയം പണി എടുത്ത ആൾക്ക് നല്കുന്ന വിശ്രമമാകട്ടെ 8 മണിക്കൂറും ( 8 മണിക്കൂർ വിനോദിക്കാൻ നിങ്ങൾ വീട്ടിന് വെളിയിൽ ആയതിനാൽ വകുപ്പില്ല) അതും എപ്പോൾ അവസാനിക്കുന്നുവോ അതിൽ നിന്നും 8 മണിക്കൂർ, നിങ്ങൾ കാലത്ത് 6.30 ന് എത്തി എങ്കിൽ ഉച്ചയ്ക്ക് 2.30 വരെ വിശ്രമം ഇതിനിടയിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുകയും, 2 നേരത്തെ ഭക്ഷണം കഴിക്കുകയും, ഉറങ്ങുകയും വേണം, ഇനി രാത്രി 4 മണിയ്ക്ക് തുടങ്ങിയ (4മണിയ്ക്ക് തുടങ്ങണമെങ്കിൽ, 02.00 മണിയ്ക്ക് വിളിച്ചുണർത്തും) ഒരാളാണ് എങ്കിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ജോലി അവസാനിച്ചയാൾ രാത്രി 11 ന് വീണ്ടും ജോലിക്ക് ചേരണം, (സ്വിച്ചിട്ട പോലെ ഉറങ്ങിക്കോണം)
ഈ നീണ്ട 12-13 മണിക്കൂർ പണി എടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള മനുഷ്യ ജന്മങ്ങൾ മൂത്രമൊഴിച്ചോ എന്നോ കക്കൂസിൽ പോകേണ്ടതുണ്ടോ എന്നോ, ഭക്ഷണം കഴിച്ചോ എന്നോ ഒരാളും അന്വേഷിക്കുകയോ അതിനായി ഒരു 5 മിനുറ്റ് പോലും അനുവദിച്ചു തരികയും ഇല്ല എന്ന് മാത്രമല്ല ഓടുന്ന ട്രെയിനിൽ ഭക്ഷണം കഴിക്കരുത് എന്ന് ഓഡറുകൾ ഇറക്കുകയും, ഭക്ഷണം കഴിക്കാൻ സമയം എടുത്തു എന്ന പേരിൽ ശിക്ഷാ നടപടി കൈകൊള്ളുകയും ചെയ്യാറുമുണ്ട്
ഈ വിശ്രമസമയം ജോലി സമയമായി കണക്കാക്കുകയില്ല, എന്നാൽ വിശ്രമകേന്ദ്രമായ റണ്ണിങ് റൂമിൽ കാണുകയും വേണം. അത്യാവശ്യമെങ്കിൽ ജോലിക്കെത്തണം,
ഈ വിശ്രമകേന്ദ്രങ്ങൾ എന്നു പറയുന്നതാവട്ടെ 10-15 കിടക്കകൾ നിരത്തിയിട്ട ഒരു ഹാൾ മാത്രമാണ് ,പലരും പല സമയങ്ങളിൽ വന്നു പോകുന്നതിനാൽ അവിടെ കിടന്നുറങ്ങുന്നതിന് ഒരു പ്രത്യേക കഴിവു തന്നെ വേണം.
 റെയിൽവേയിൽ എല്ലാ ജീവനക്കാർക്കും ഒരു രാത്രി ജോലി ചെയ്താൽ അടുത്ത നാൾ രാത്രി ഒഴിവാണ് എന്നാൽ വിചിത്ര ജീവികളായ ലോക്കോ പൈലറ്റ് മാർ തുടർച്ചയായി 4-5 രാത്രികൾ ജോലി എടുക്കാം എന്നാണ് നിയമം.
ഇങ്ങനെ 3-4 ദിവസം 2 – 3 രാത്രി ഉൾപ്പെടെ ജോലി എടുത്ത് തൻ്റെ ഹെഡ്ക്വാർട്ടറിൽ എത്തുന്നയാൾക്ക് ലഭിക്കുന്ന വിശ്രമസമയം 14 മണിക്കൂർ മാത്രമാണ് ,അതിനകത്ത് അയാൾ തൻ്റെ 2-3 ദിവസത്തെ രാത്രി ഉൾപ്പെടെയുള്ള ജോലി ചെയ്ത ക്ഷീണം ഉറങ്ങി തീർക്കണം, കുടുംബ കാര്യങ്ങൾ നോക്കണം, സാമൂഹികമായ തൻ്റെ കർത്തവ്യങ്ങൾ ചെയ്തു തീർക്കണം, അടുത്ത രാത്രി ജോലി ചെയ്യുന്നതിനായി ഉറങ്ങി തയ്യാറാവുകയും വേണം.
PR എന്നറിയപ്പെടുന്ന ആഴ്ചയിലുള്ള വിശ്രമം (വീക്കിലി Off എന്ന് പറയാം) 30 മണിക്കൂർ ആണ് .അതും എത്തിച്ചേരുന്ന സമയത്ത് നിന്ന് എണ്ണിച്ചുട്ടു കിട്ടുന്നത്. വേണമെങ്കിൽ 10 ദിവസം വരെ തരാതിരിക്കുകയും ആകാം. അതാണ് ആദ്യം പറഞ്ഞത് 365 നാളും ഒരു ലോക്കോ പൈലറ്റ് പണി എടുക്കുന്നു, (ലീവെടുത്തില്ലെങ്കിൽ ) .
*വേതനം*
റെയിൽവേ ജീവനക്കാർക്കിടയിലും, ഓഫീസർമാർക്കിടയിലും, പൊതുസമൂഹത്തിലും, ഏറെ തെറ്റുദ്ധരിക്കപ്പെട്ട ഒരു കാര്യമാണ് ലോക്കോ പൈലറ്റുമാരുടെ വേതനം,
ഇത്രയേറെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനുള്ളവർക്ക് അതിനനുസരിച്ച് ശമ്പളവും നല്കുന്നുണ്ടാകും എന്നു കരുതിയാൽ തെറ്റി. ഒരു ചെറിയ താരതമ്യത്തിലൂടെ വ്യക്തമാക്കാം ആറാം ശമ്പള കമീഷൻ പത്താം ക്ലാസ് യോഗ്യതയായ ക്ലാസ്സ് 4 ജീവനക്കാർക്ക് 1,800 /- Grade pay യും , പത്താം ക്ലാസ് യോഗ്യതയായRPF ന് 2.00O / – Grade pay യും നല്കിയപ്പോൾ ITIയോഗ്യതയും, GRS, ഇലക്ട്രിക്കൽ ലോക്കോ ട്രെയിനിങ്ങ് , ഡീസൽ ലോക്കോ ട്രെയിനിങ്ങും കഴിഞ്ഞ് അസി. ലോക്കോ പൈലറ്റാവുന്നവർക്ക് നല്കിയത് 1,900/- Grade Pay ആണ്.
നിങ്ങൾക്ക് വാരിക്കോരി അലവൻസുകൾ നല്കുന്നില്ലേ എന്ന ചോദ്യം ഉയർന്നു വരാറുണ്ട്. എന്നാൽ ലഭിക്കുന്ന വേതനം ഞങ്ങൾക്ക് നഷ്ടമാകുന്ന ജീവിതത്തിനോ, ആരോഗ്യത്തിനോ ,പകരം വെക്കാനാവില്ല എന്നു മാത്രമല്ല, തൊഴിൽ ഭാരത്തിനനുസൃതവുമല്ല. Pay element എന്ന പേരിൽ റണ്ണിങ് സ്റ്റാഫിൻ്റെ ശമ്പളത്തിൻ്റ ഒരു ഭാഗം മാറ്റി വച്ച് അത് ഓടുന്ന കിലോമീറ്ററിനനുസരിച്ച് വേതനമായി തരുന്നു (അല്ല എങ്കിൽ തൊഴിലെടുക്കാൻ താത്പര്യം കാണിക്കില്ല എന്ന അധികാരബുദ്ധി)
ഈ Pay element തന്നെ ബ്രിട്ടിഷ് കാർ ഭരിച്ചിരുന്നപ്പോൾ 70 % ആയിരുന്നു ഇന്നത് കുറച്ചു കുറച്ച് ‘വെറും 30% ൽ എത്തി നിൽക്കുന്നു.
നൈറ്റ് ഡ്യൂട്ടി അലവൻസ് ഉൾപ്പടെ പല അലവൻസുകളും ഇല്ലാതാക്കുകയോ, കുറയ്ക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു (നൈറ്റ് ഡ്യൂട്ടി അലവൻസ് ആശുപത്രിയിൽ കൊടുക്കാനുള്ള കാശാണ് എന്നതാണ് ഞങ്ങൾക്കിടയിലെ വിലയിരുത്തൽ)
ഓരോ ശമ്പള കമ്മീഷനുകൾ കഴിയുംതോറും ശമ്പളം കുറയുന്ന ഒരു വിഭാഗമാണ് ഞങ്ങൾ.ഗുഡ്സ് ലോക്കോ പൈലറ്റായാൽ പിന്നീട് ഇൻക്രിമെൻ്റല്ലാതെ കിട്ടുന്ന പ്രമോഷനിൽ ഒരു സാമ്പത്തിക മെച്ചവും ഇല്ലാത്ത ഒരു വിഭാഗവും ലോക്കോ പൈലറ്റുമാരാണ്.
 പ്രകൃതിക്കെതിരായ ജീവിത രീതിയും, ക്രമം തെറ്റിയ ഭക്ഷണവും, ഭക്ഷണമില്ലായ്മയും, സമയത്ത് മലമൂത്ര വിസർജനം നടത്താനാവാത്തതും, ക്യാബിനിലെ കടുത്ത ചൂടും, പുകയും, ഉയർന്ന ശബ്ദത്തിൽ തുടർച്ചയായി ജോലി ചെയ്യലും, നിലവാരമില്ലാത്ത സീറ്റുകളും, വ്യായാമം ചെയ്യാൻ കഴിയാത്തതും പലരേയും യുവത്വം കഴിയുന്നതിന് മുന്നേ നിത്യരോഗികളാക്കുമ്പോഴും, മെഡിക്കൽ സ്റ്റാൻ്റേഡിലെ ഏറ്റവു മുയർന്ന A1 സ്റ്റാൻ്റേർഡ് നിലവാരം പുലർത്തേണ്ടതായുമുണ്ട്.
 രോഗികളായി റെയിൽവേ ആശുപത്രിയിലെത്തുന്ന ഈ അപൂർവ്വ ജന്മങ്ങളെ അവിടെയും ഡോക്ടർമാർ പേരിന് മുൻപേ തൊഴിൽ നോക്കി അസുഖമില്ല എന്നോ, ജോലിക്കിടയിൽ മരുന്നു കഴിച്ചാൽ മതി എന്നോ, ട്രെയിനോടിക്കാനാളില്ലാത്തതിനാൽ ഉയർന്ന ഉദ്യോസ്ഥർ നിങ്ങൾക്ക് ലീവ് നല്കരുതെന്ന് പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞോ തിരിച്ചയക്കുന്നു.
  ഓണത്തിനും, ക്രിസ്തുമസിനും, ശബരിമല സ്പെഷൽട്രെയിനുകൾ പ്രഖ്യാപിക്കുമ്പോൾ ഉള്ളു പിടയുന്ന ഒരു വിഭാഗമാണ് പൈലറ്റുമാർ തങ്ങൾക്ക്  കിട്ടുന്ന ലീവും, വിശ്രമവും ഇല്ലാതാവുകയും, ആളുകളുടെ കുറവു കാരണം ഒരു ആഘോഷവും കൂടാൻ കഴിയാതെ വരികയും ചെയ്യുമല്ലോ എന്നതാണ് ആ വിഷമത്തിന് കാരണം.
മറ്റെല്ലാ മേഖലയിലുമെന്നപോലെ ആളെ കുറയ്ക്കൽ  നടത്തുമ്പോൾ ദുരിതപൂർണ്ണമായ തൊഴിൽ ജീവിത സാഹചര്യങ്ങൾ കൂടുതൽ ദുസ്സഹമായി തീരുന്നു.
 ബ്രട്ടീഷുകാരുടെ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയതിൻ്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ, വണ്ടി വലിക്കുന്ന കാളയ്ക്കും, ഭാരം ചുമക്കുന്ന കഴുതയ്ക്കും വരെ ജോലിയിൽ നിയമ പരിരക്ഷ കിട്ടുന്ന രാജ്യത്ത് ,കേന്ദ്ര ഗവൺമെൻ്റിനു കീഴിൽ അടിമകളെപ്പോലെ പണി എടുക്കാൻ വിധിക്കപ്പെട്ട , നിർവ്വഹിക്കേണ്ടുന്ന ഉത്തരവാദിത്വം നിറഞ്ഞ തൊഴിലിനനുസൃതമായി ഒരു പരിഗണനയും ലഭിക്കാത്ത ഒരു വിഭാഗമാണ് ലോക്കോ പൈലറ്റുമാർ.എങ്കിലും തങ്ങളുടെ ജോലി ഉത്തരവാദിത്വത്തോടെ ചെയ്ത് അപകടങ്ങൾ ഒഴിവാക്കുവാനും, യാത്രക്കാരെ സുരക്ഷിതരാക്കുന്നതിനും അവർ എന്നും മുൻപന്തിയിൽ നിൽക്കുന്നു.

Back to top button
error: