KeralaNEWS

‘വഞ്ചിച്ച കാമുകിയെ കൊല്ലണം’ ഓൺലൈനിലൂടെ പരിചയപ്പെട്ട കാമുകി വഞ്ചിച്ചപ്പോൾ അക്രമാസക്തനായി അവളെ കൊല്ലാനിറങ്ങിയ 15കാരൻ, അവനെ സമാധാനിപ്പിക്കാനെത്തി തലനാരിഴയ്ക്ക് ജീവൻ രക്ഷപെട്ട കഥ പറയുന്നുകഥ പറയുന്നു ഏറ്റുമാനൂർ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ നിഷജോഷി

റ്റുമാനൂർ: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടകാമുകി തന്നെ വഞ്ചിച്ചുവെന്നും അവളെ കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്വന്തം വീട്ടില്‍ കലാപത്തിൽ. വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ അനുനയിപ്പിക്കാന്‍ പോയ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷി പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

നിഷയ്ക്കാണ് സ്റ്റുഡന്റ് പോലീസിന്റെ ചുമതല. രാവിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ക്ലാസ് എടുത്ത ശേഷം മടങ്ങിയെത്തിയപ്പോള്‍ ഒരാള്‍ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ സ്വന്തം മകന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നു, വഞ്ചിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കണ്ണൂരിലേക്ക് പോകാന്‍ പണം നല്‍കണമെന്നാണ് പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ ആവശ്യമെന്നും അച്ഛന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വന്തം വീട്ടുകാരോട് കുട്ടി പറഞ്ഞിരുന്നില്ല.

ഉടന്‍ തന്നെ യൂണിഫോം മാറി സിവില്‍ ഡ്രസില്‍ കുട്ടിയുടെ പിതാവിനൊപ്പം അവരുടെ വീട്ടിലേക്ക് പുറപ്പെട്ടു.
പ്രശ്‌നമുണ്ടാക്കുന്നത് കുട്ടിയല്ലേ, പോലീസ് വേഷവും സ്‌റ്റേഷനിലെ വാഹനവും കണ്ട് പേടിക്കേണ്ടെന്നു കരുതിയാണ് ഇങ്ങനെ പോയതെന്ന് ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫീസര്‍ കൂടിയായ ഉദ്യോഗസ്ഥ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ക്ഷോഭിച്ച്‌ നില്‍ക്കുകയായിരുന്നു കുട്ടി. തന്നെ കണ്ടപ്പോള്‍ ഇതാരാണെന്ന് തിരക്കി. സ്‌റ്റേഷനില്‍ നിന്ന് വന്നതാണെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അകത്തേക്ക് പാഞ്ഞ കുട്ടി ഒരു വെട്ടുകത്തിയുമായി തിരികെ വന്ന് തനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്ന് നിഷ പറയുന്നു.

അലറി അടുത്ത കുട്ടിയോട് സംയമനത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ലെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും മനസ്സിലായപ്പോള്‍ പുറത്തേക്ക് ഓടുക മാത്രമേ തനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂവെന്നും ഉദ്യോഗസ്ഥ പറയുന്നു. ആയുധവുമായി കുട്ടി പിന്നാലെ വന്നു. വീട്ടിലുണ്ടായിരുന്നവര്‍ കുട്ടിയെ തടയാന്‍ ശ്രമിച്ചെങ്കിലും ദേഷ്യത്തോടെ അവരെ തള്ളിമാറ്റിയ ശേഷം കുട്ടി വെട്ടുകത്തി തനിക്ക് നേരെ വീശി.
ഒരു നിമിഷം മരണത്തെ മുന്നില്‍ക്കണ്ടുവെങ്കിലും വെട്ടുകത്തിയുമായി പാഞ്ഞടുത്ത കുട്ടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. തന്റെ മകന്റെ പ്രായം മാത്രമുള്ള ഒരു കുട്ടിയില്‍ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല. അവനെ ചേര്‍ത്ത് നിര്‍ത്തി സമാധാനിപ്പിക്കണമെന്നും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കണമെന്നുമാണ് കരുതിയതെങ്കിലും അതിനൊന്നും കഴിഞ്ഞില്ല. 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയില്‍ നിന്ന് ഇത്രയും ഭീകരമായ ഒരു നീക്കമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ സെല്‍ഫ് ഡിഫന്‍സിന്റെ പാഠങ്ങളൊന്നും ആ നിമിഷം ഓര്‍മയില്‍ വന്നില്ലെന്നും നിഷ ജോഷി പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ അറിയാത്ത പോലീസുകാരോ എന്ന് ആരും ചിന്തിക്കേണ്ടെന്നും ഗെയിം അഡിക്ഷനുള്ള കുട്ടികള്‍ വൈലന്റ് ആകുന്നത് പ്രവചിക്കാന്‍ പോലും കഴിയാത്ത രീതിയിലാണെന്നും നിഷ പറഞ്ഞു. മകന്‍ ഇത്രത്തോളം പ്രശ്‌നമുണ്ടാക്കുന്ന പ്രകൃതക്കാരനാണെന്ന് സ്റ്റേഷനില്‍ പരാതിപറയാനെത്തിയ കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നുമില്ല. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ച്‌ പോയ തനിക്ക് ആ നിമിഷം ഓര്‍മവന്നത് അച്ഛനില്ലാത്ത തന്റെ കുട്ടികള്‍ക്ക് അമ്മയെ കൂടി നഷ്ടമാകുമോ എന്ന് മാത്രമായിരുന്നു.

ഒരു ദിവസത്തെ സ്റ്റാറ്റസിനപ്പുറം ആരും ഓര്‍ക്കില്ലെന്ന തിരച്ചറിവ് കൂടിയായപ്പോള്‍ ആയുധവുമായി എത്തിയ കുട്ടിയില്‍ നിന്ന് രക്ഷപ്പെടണമെന്ന ചിന്ത മാത്രമേ തനിക്ക് മുന്നിലുണ്ടായിരുന്നുള്ളൂവെന്നും നിഷ പറയുന്നു. സമീപത്ത് ഒരു വീടിന്റെ ഗേറ്റ് തുറന്ന് കിടന്നത് കണ്ട് അങ്ങോട്ട് കയറി. ആ വീട്ടുകാരോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ തയ്യാറായില്ല. പോലീസുകാരിയാണെന്ന് പറഞ്ഞപ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാനായിരുന്നു ആവശ്യം. വീട്ടുമുറ്റത്തെ കാറിന് പിന്നില്‍ ഒളിച്ചു നിന്ന തനിക്ക് അതിന് കഴിഞ്ഞില്ല. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ വീട്ടുകാര്‍ വിളിച്ച്‌ തിരക്കിയ ശേഷമാണ് അവര്‍ വാതില്‍ തുറന്നത്.

എന്നാല്‍ ആ സമയത്ത് കുട്ടി തന്നെ തേടി ആയുധവുമായി റോഡിലേക്ക് ഇറങ്ങിയിരുന്നു. ഈ സമയം സ്‌റ്റേഷനില്‍ നിന്ന് ജീപ്പുമായി ഡ്രൈവര്‍ എത്തി. വഴിയരികില്‍ കണ്ട ഡ്രൈവറോട് കുട്ടി ഒരു പോലീസുകാരി ഇങ്ങോട്ട് വന്നുവെന്നും അവരെ തേടിയാണ് ഇറങ്ങിയതെന്നും പറഞ്ഞു. അപ്പോഴേക്കും അവിടെ കൂടുതല്‍ ആളുകള്‍ എത്തി.
താന്‍ ആക്രമിക്കപ്പെട്ടാലും, കുട്ടിയെന്ന പരിഗണന അവന് കിട്ടും. അതുകൊണ്ട് തന്നെ കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിക്കാനുള്ള എല്ലാ സംവിധാവനവും ഒരുക്കുകയും ചെയ്തു.

പഴയ തലമുറയിലെ കുട്ടികളെപ്പോലെയല്ല ഇന്നത്തെ കുട്ടികള്‍. കാലം ഒരുപാട് മാറിയിരിക്കുന്നു. അവര്‍ക്ക് ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ഫ്രീഫയറും പബ്ജിയും പോലത്തെ ഗെയിമുകള്‍ കളിച്ച്‌ വളരുന്ന കുട്ടികളെ ലാഘവത്തോടെ കൈകാര്യം ചെയ്യാമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും നിഷ പറയുന്നു.
കുട്ടികളെ കൃത്യമായി കൗണ്‍സിലിങ് ചെയ്യുകയെന്നതാണ് ഇത്തരം കേസുകളില്‍ ചെയ്യേണ്ടത്. ഇടപെടുന്നതിന് പോലീസുകാര്‍ക്ക് പലപ്പോഴും പരിമിതികളുണ്ടെന്നും നിഷ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: