ന്യൂഡൽഹി: രാജ്യം വീണ്ടും കോവിഡിന്റെ പിടിയിലേക്കാണോ? കാഴ്ചകൾ അതാണ് സൂചിപ്പിക്കുന്നത്.ഡല്‍ഹിയില്‍ കോവിഡ് വ്യാപനം ഉയര്‍ന്ന തോതിലേക്ക് നീങ്ങുകയാണ്.സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
മാസ്ക്ക് നിര്‍ബന്ധമാക്കുന്നതും സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ രീതികള്‍ നടപ്പാക്കുന്നതും ചര്‍ച്ചയാവും . സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി രോഗവ്യാപനം തടയാനും നിര്‍ദേശമുണ്ട് .രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. വാക്സിനേഷന്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര യാത്രക്കാരുടെ സാംപിളുകള്‍ നിര്‍ബന്ധമായും ജനിതക ശ്രേണീകരണ പരിശോധന നടത്തണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് വ്യാപനസാഹചര്യത്തില്‍ ഉത്തർപ്രദേശിലെ ലഖ്നൗ,നോയിഡ,ഗാസിയാബാദ് എന്നിവയുള്‍പ്പെടെ ആറ് ജില്ലകളിലും മാസ്ക്ക് നിര്‍ബന്ധമാക്കി.ക്ലാസുകളില്‍ ഓണ്‍ലൈന്‍ രീതിയിലും ഹാജരാകുന്നത് അനുവദിക്കണമെന്ന് ഹരിയാന വിദ്യാഭ്യാസവകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.ഭാഗികമായി സ്കൂളുകള്‍ അടക്കുന്ന കാര്യം ആവശ്യമെങ്കില്‍ മാത്രമെ പരിഗണിക്കൂ.കോവിഡ് സ്ഥിരീകരിച്ച കുട്ടികളുടെ ക്ലാസുകള്‍ക്ക് മാത്രം അവധി നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. സ്ഥാപനങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ വിദ്യാഭ്യാസ ഡയറക്‌ട്രേറ്റിനെ അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്.