NEWS

മലപ്പുറം വേറെ ലെവലാണ് മക്കളെ !

കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ ഉണ്ടായിട്ടും സന്തോഷ് ട്രോഫി ടൂർണമെന്റ് എങ്ങനെ മലപ്പുറത്തെത്തി എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കേരളവും രാജസ്ഥാനും തമ്മിലുള്ള മത്സരം നടന്ന പയ്യനാട് സ്റ്റേഡിയത്തിലേത്.പയ്യനാടെത്തിയ ജനസാഗരത്തെ കണ്ട് സംഘാടകര്‍ വരെ ഞെട്ടിപ്പോയി.പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ സഹായം തേടേണ്ടി വന്നു.ഒടുവിൽ രാജസ്ഥാനെ നിഷ്പ്രഭരാക്കിയ കേരളത്തിന്റെ തേര്‍വാഴ്ച കാണാന്‍ പലര്‍ക്കും ഫേസ്ബുക്ക് ലൈവിനെ ആശ്രയിക്കേണ്ടി വന്നു.
30,000 പേര്‍ക്ക് കളികാണാന്‍ സൗകര്യമുള്ള മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലേക്ക് അതിലേറെ ആളുകളാണ് എത്തിയത്. പലര്‍ക്കും ടിക്കറ്റ് എടുത്തിട്ടും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല.ഇത് ചെറിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി.എങ്കിലും ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഹാട്രിക്കും നിജോ ഗില്‍ബര്‍ട്ടിന്റെയും അജയ് അലക്‌സിന്റെയും മിന്നും ഗോളുകളും മലപ്പുറത്തെ ആരാധകര്‍ നെഞ്ചിലേറ്റിയാണ് തിരിച്ചു പോയത്.
ക്യാപ്ടന്‍ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിൽ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.ആര്‍ത്തിരമ്ബുന്ന പയ്യനാട്ടെ മുപ്പതിനായിരത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ ആദ്യ ആറാം മിനുട്ടില്‍ തന്നെ ജിജോ ജോസഫ് ഗോളടി വെടിക്കെട്ടിന് തുടക്കം കുറിച്ചു. ഫ്രീകിക്ക് കൃത്യമായി രാജസ്ഥാന്റെ വലയിലെത്തിക്കാന്‍ ജിജോക്ക് സാധിച്ചു. 38ാം മിനുട്ടില്‍ നിജോ ഗില്‍ബര്‍ട്ട് രണ്ടാം ഗോള്‍ നേടി. 58, 63 മിനുട്ടുകളിൽ വീണ്ടും ജിജോ ഗോളുകള്‍ നേടി ഗാലറിയുടെ ആവേശം ആകാശത്തോളമെത്തിച്ചു.82ാം മിനുട്ടില്‍ അജയ് അലക്‌സാണ് അഞ്ചാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കിയത്.
മത്സര ശേഷം കാണികളോട് നന്ദി അറിയിച്ചാണ് താരങ്ങളും കളം വിട്ടത്.ജനത്തിരക്ക് കാരണം പലയിടത്തും രൂക്ഷമായ ഗാതാഗതക്കുരുക്കും അനുഭവപ്പെട്ടു.തിങ്കളാഴ്ച്ച ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Back to top button
error: